പത്തനംതിട്ട: ജില്ലയിൽ എട്ടിന് സ്വകാര്യബസുകൾ പണിമുടക്കും. സർക്കാർ നടപ്പാക്കിയ കെഎസ്ആർടിസിയിലെ പ്രിയദർശിനി സൗജന്യയാത്ര കാരണം സ്വകാര്യബസ് മേഖല വലിയ തകർച്ച നേരിടുകയാണെന്ന് ബസ് ഉടമ സംഘടനാ ഭാരവാഹികൾ പറഞ്ഞു. പദ്ധതി നടപ്പായതിൽ കേരളത്തിലെ 12,000 ബസുകളിൽ ഏതാണ്ട് 9,000 ബസുകളും ഇതിന്റെ പേരിൽ നഷ്ടം സഹിച്ചുകൊണ്ടാണ് കഴിഞ്ഞ ജൂൺ 15 മുതൽ സർവീസ് നടത്തിവരുന്നത്.
പ്രതിദിനം 1000 മുതൽ 4000 രൂപ വരെ നഷ്ടം സഹിച്ചാണ് മിക്ക ബസുകളും ഓടിക്കൊണ്ടിരിക്കുന്നത്. ഇതിനോടകംതന്നെ പലയിടത്തും ബസുകൾ കയറ്റിയിട്ടിരിക്കുകയാണ്. അനേകം തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുകയും മറ്റു ചിലർക്ക് വേതനം കുറയുകയും ചെയ്യുന്ന അവസ്ഥയാണിപ്പോഴുള്ളത്. ലക്ഷക്കണക്കിന് രൂപ മുടക്കി വാങ്ങിയിട്ടുള്ള ബസുകൾക്ക് ഫിനാൻസ് അടയ്ക്കാനോ ദൈനംദിന പണികൾ തീർക്കുന്നതിനോ ഉടമകൾക്കു കഴിയുന്നില്ല. റോഡ് നികുതി പകുതിയായി കുറച്ചത് സ്വാഗതം ചെയ്യുന്നെങ്കിലും നേരിടുന്ന തകർച്ചയ്ക്ക് ഇതു പരിഹാരമാകുന്നേയില്ല.
മറ്റു സംസ്ഥാനങ്ങളിൽ ഈ പദ്ധതി നടപ്പാക്കി എന്ന് അവകാശപ്പെടുമ്പോൾ പൊതുഗതാഗതത്തിൽ അവിടുത്തെ സ്വകാര്യമേഖലയുടെ വിഹിതം 15 ശതമാനത്തിൽ താഴെയാണ്. എന്നാൽ, കേരളത്തിലെ പൊതുഗതാഗത മേഖലയിൽ 70 ശതമാനം സർവീസുകൾ സ്വകാര്യബസുകൾ നടത്തുമ്പോൾ ഈ പദ്ധതി ആരംഭിക്കുന്നതിനു മുന്നോടിയായി സ്വകാര്യമേഖലയുമായി ഒരു ചർച്ചയ്ക്കോ ഇതു സംബന്ധിച്ച് വിശദമായ ഒരു പഠനത്തിനോ സർക്കാർ മുതിർന്നില്ല.
സൗജ്യന്യയാത്ര ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴും സർക്കാർ ഇതേവരെ ഈ പ്രതിസന്ധിക്ക് അയവു വരുത്തുന്നതിന് ഒരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. ഇതിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജൂലൈ 20 മുതൽ 25 വരെ സെക്രട്ടേറിയറ്റ് നടയിൽ ധർണ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ഇതിനു മുന്നോടിയായി പ്രിയദർശിനി സർവീസുകൾ കൂടുതൽ ബാധിക്കുന്ന കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ബസുകൾ ഒന്നടങ്കം സർവീസ് നിർത്തിവച്ചുകൊണ്ട് ബസുടമകളും ജീവനക്കാരും ജില്ലാ കളക്ടറേറ്റുകളിലേക്ക് ജൂലൈ എട്ടിന് മാർച്ചും ധർണയും നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ എട്ടിനു രാവിലെ 10നു മുനിസിപ്പൽ സ്വകാര്യബസ് സ്റ്റാൻഡിൽനിന്ന് ആരംഭിക്കുന്ന മാർച്ച് കളക്ടറേറ്റ് പടിക്കൽ എത്തി അവിടെ ധർണയും നടത്തും. ഈ മേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിലേക്ക് ജൂലൈ മൂന്നിന് പത്തനംതിട്ട സിഐടിയു ഓഫീസിൽവച്ച് സംയുക്ത ട്രേഡ് യൂണിയനുകളും ബസ് ഉടമാ സംഘടനകളും ചേർന്നുള്ള ആലോചനായോഗം ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലാലു മാത്യുവിന്റെ അധ്യക്ഷതയിൽ നടന്നു. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.