മുഹമ്മദ് ഇര്‍ബാസ്, റാസിഖ്.
ബദിയഡുക്ക: പശുവിനെ മോഷ്ടിച്ച് കാറില്‍ കടത്തിയ സംഭവത്തില്‍ കര്‍ണാടക സ്വദേശികളെ ബദിയഡുക്ക പോലീസ് അറസ്റ്റ്ചെയ്തു. മംഗളൂരു ജോക്കട്ടെ സ്വദേശി റാസിഖ് (21), ഉള്ളാള്‍ സ്വദേശി മുഹമ്മദ് ഇര്‍ബാസ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ മംഗളൂരു നഗരത്തില്‍നിന്നാണ് ഇവരെ പിടികൂടിയത്.
മോഷണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ബംഗളൂരു രജിസ്ട്രേഷനുള്ള മഹീന്ദ്ര സൈലോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച പശുവിനെ ഉള്ളാളിലെ ഒരു അറവുശാലയ്ക്ക് വിറ്റതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. ജൂണ്‍ 16നു പുലര്‍ച്ചെയോടെയാണ് ബദിയഡുക്ക കന്യപാടി സ്വദേശി കെ.എം. മുഹമ്മദിന്റെ ഏകദേശം 30,000 രൂപ വിലമതിക്കുന്ന പശുവാണ് മോഷണം പോയത്. വീടിനു തൊട്ടുമുന്നിലെ കടത്തിണ്ണയില്‍ കിടക്കുകയായിരുന്ന പശുവിനെയാണ് സംഘം കാറില്‍ കടത്തിക്കൊണ്ടുപോയത്. കന്നുകാലികളെ മോഷ്ടിച്ചുകടത്താനായി കാറിന്റെ മധ്യനിരയിലെ സീറ്റുകള്‍ നീക്കം ചെയ്ത നിലയിലാണുള്ളത്.
കാസര്‍ഗോഡ്, ദക്ഷിണ കന്നഡ ജില്ലകളിലായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെയാണ് ഈ സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നും അതുകൊണ്ട് വളരെ കുറച്ച് പരാതികള്‍ മാത്രമേ ലഭിക്കാറുള്ളൂവെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് വാഹനവും പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞത്. സംഘത്തിലെ മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെയുള്ള മറ്റു മൂന്നുപേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
Tags : Nattuvishesham District news