കടിയേറ്റ വഴി യാത്രക്കാരൻ
ചാരുംമൂട്: തെരുവുനായ ശല്യം രൂക്ഷമായ ചാരുംമൂട് ടൗണിൽ വ്യാപാരിയടക്കം അഞ്ചു പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു സംഭവം. ടൗണിന്റെ കിഴക്കേ ബസ് സ്റ്റോപ്പിനു സമീപമായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്.
വ്യാപാരിയായ ഷൗക്കത്തിന്റെ കാലിൽ കടിച്ചിട്ട് ഓടിയ നായ യാത്രക്കാരിയായ വയോധികയേയും കടിച്ചു. തുടർന്നാണ് ഭക്ഷണ അലമാരയിൽനിന്നും ഭക്ഷണപ്പൊതി വാങ്ങാനെത്തിയ വയോധികനെ നായ ആക്രമിച്ചത്.
അടുത്ത ഷോപ്പിലേക്ക് വന്ന യുവതിയെ ആക്രമിക്കാനൊരുങ്ങിയപ്പോൾ രക്ഷിക്കാൻ വന്ന വയോധികനെ നായ ആക്രമിക്കുകയായിരുന്നു.
കടിയേറ്റിട്ടും ഇദ്ദേഹം നായയെ പിടിച്ചു നിറുത്തി. ഇതു കണ്ട് വടികളുമായി ഓടിവന്ന യാത്രക്കാരിൽ ചിലർ നായയെ അടിച്ചിട്ടതോടെയാണ് വയോധികനെ രക്ഷിക്കാനായത്. നാട്ടുകാർ അടിച്ചുവീഴ്ത്തിയ നായ പിന്നീട് ചത്തു.
നായയുടെ കടിയേറ്റ് പരിക്കേറ്റ മൂന്നു പേരെ അടൂർ താലൂക്ക് ആശുപത്രിയിലും ഒരാളെ നൂറനാട് കെസിഎം ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാൾ സാനിട്ടോറിയം ആശുപത്രിയിൽ ചികിത്സതേടി. ചാരുംമൂട് ടൗണിൽ തെരുവുനായകളുടെ ശല്യം രൂക്ഷമായിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കാത്തതിനെതിരേ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.
Tags : NattuVishesham DistrictNews