നാട്ടുകാരുടെ നേതൃത്വത്തിൽ നടന്നു പോകാനായി ഒരുക്കിയ മീന്തുള്ളി പാലം.
ചെറുപുഴ: പ്രളയം തകർത്ത മീന്തുള്ളി കോൺക്രീറ്റ് പാലം നാട്ടുകാരുടെ നേതൃത്വത്തിൽ നന്നാക്കി. ഇതോടെ തികച്ചും ഒറ്റപ്പെട്ട നിലയിലായിരുന്ന മീന്തുള്ളി നോർത്തിലെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി.
കഴിഞ്ഞ ശനിയാഴ്ചയുണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തിലാണ് കാര്യങ്കോടുപുഴയിലെ കോലുവള്ളി നോർത്തിലേയ്ക്കുള്ള കോൺക്രീറ്റ് നടപ്പാലം തകർന്നത്. തൂണുകൾക്ക് മുകളിൽ ചരിഞ്ഞു കിടന്നിരുന്ന പാലം ജെസിബിയുടെ സഹായത്തോടെ നിവർത്തി തൂണുകളിൽ ഉറപ്പിക്കുകയായിരുന്നു.
മീന്തുള്ളി സൈഡിൽ തെങ്ങിൻതടിയും പലകകളും ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. ഇവിടെ പുതിയ പാലത്തിന്റെ നിർമാണം ആരംഭിക്കു കയും തൂണുകളുടെ പണികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. താല്കാലികമായി പാലം തയാറായത്തോടെ ഏറെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.