മണ്ണാർക്കാട്: സംസ്ഥാനത്തെ സോളാർ ഫെൻസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനായി വനംവകുപ്പ് പുതിയ ഓൺലൈൻ റിപ്പോർട്ടിംഗ് സംവിധാനവും മോണിറ്ററിംഗ് പോർട്ടലും വികസിപ്പിച്ചു.
സംസ്ഥാനത്ത് വനംവകുപ്പ് സ്ഥാപിച്ച സോളാർ ഫെൻസുകളുടെ പ്രവർത്തനക്ഷമത, അറ്റകുറ്റപ്പണികൾ, പരിശോധനകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നത് ഇതുവരെ സമയമെടുക്കുന്നതും ശ്രമകരവുമായ പ്രക്രിയയായിരുന്നു. ഇതുപരിഹരിക്കുന്നതിനായാണ് പുതിയ ഡിജിറ്റൽ സംവിധാനം ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ഫോറസ്റ്റ് സ്റ്റേഷൻ, സെക്്ഷൻ പരിധികളിലുള്ള സോളാർ ഫെൻസുകളുടെ പ്രവർത്തന നില ഈ ഓൺലൈൻ പോർട്ടലിലൂടെ റിപ്പോർട്ട് ചെയ്യാൻ സാധിക്കും. പ്രവർത്തിക്കുന്നതും പ്രവർത്തിക്കാത്തതുമായ ഫെൻസുകളുടെ ദൈർഘ്യം, നാശനഷ്ടങ്ങൾ, അറ്റകുറ്റപ്പണികൾ, പരിശോധന രേഖകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തും.
ഫോറസ്റ്റ് സ്റ്റേഷൻ, സെക്്ഷൻ തലങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങൾ ഓൺലൈൻ മോണിറ്ററിംഗ് പോർട്ടലിൽ സമാഹരിച്ച് ഡാഷ് ബോർഡിലൂടെ ലഭ്യമാക്കും.
ഓരോ സോളാർ ഫെൻസ് സ്ട്രെച്ചിന്റേയും നിലവിലെ പ്രവർത്തന നില നിരീക്ഷിക്കാനും അവസാന പരിശോധനയ്ക്ക് ശേഷം 48 മണിക്കൂറിലധികമായി പരിശോധിക്കാത്ത ഭാഗങ്ങൾ കണ്ടെത്താനും ഈ സംവിധാനം സഹായകരമാകും.
ഫെൻസുകൾ നിശ്ചിത ഇടവേളകളിൽ പരിശോധിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനും പ്രവർത്തനരഹിതമായ ഭാഗങ്ങളിൽ ഉടൻ അറ്റകുറ്റപണി ആരംഭിക്കുന്നതിനും പോർട്ടൽ വഴിയൊരുക്കും.
ഒരൊറ്റ ക്ലിക്കിൽ സംസ്ഥാനത്തെ എല്ലാ സോളാർ ഫെൻസുകളുടെയും തത്സമയ പ്രവർത്തന അവലോകനം ലഭ്യമാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകതയെന്നു വനംവകുപ്പ് അറിയിച്ചു.
തിരുവിഴാംകുന്ന് വനമേഖലയിൽ 2024 ജനുവരി ഒന്നുമുതൽ 2026 മാർച്ച് 30 വരെ 93 തവണ കാട്ടാനകൾ ഫെൻസിംഗ് തകർത്ത വിവരം കഴിഞ്ഞദിവസം കണ്ടമംഗലം സ്വദേശി സോണി പ്ലാത്തോട്ടത്തിൽ നൽകിയ വിവരാവകാശരേഖയിലൂടെ പുറത്തുവന്നിരുന്നു. അമ്പലപ്പാറ മുതൽ മേക്കളപ്പാറ പൊതുവപ്പാടം വരെ വരുന്ന 13 കിലോമീറ്റർ ഫെൻസിംഗ് ആണ് പലപ്പോഴായി കാട്ടാനകൾ തകർത്തത്. ഇക്കാര്യം വനംവകുപ്പ് അറിയുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും സാധിച്ചിരുന്നില്ല. ഇതോടെ ഈ മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവാണ്. ഇത്തരത്തിലുള്ള വിഷയങ്ങൾ പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ അതാതു സമയത്ത് പരിഹരിക്കപ്പെടാൻ ആകുമെന്നാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്.
Tags : Nattuvishesham Local News Forest Department