കോഴിക്കോട്: പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച ധന്യനായിരുന്നു തിങ്കളാഴ്ച അന്തരിച്ച താമരശേരി രൂപതയിലെ ഫാ. കുര്യന് തലച്ചിറക്കുഴി.
83 വര്‍ഷത്തെ അനുഗ്രഹപ്രദമായ ജീവിതവും 57 വര്‍ഷം നീണ്ട പൗരോഹിത്യ ശുശ്രൂഷയും പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ദൈവസന്നിധിയിലേക്ക് മടങ്ങിയത്. താമരശേരി രൂപതാംഗമായ അദ്ദേഹം പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയര്‍ കെയര്‍ ഹോമിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കര്‍ക്കശമായ നിലപാടുകളിലും ആത്മീയതയും കാരുണ്യവും കാത്തുസൂക്ഷിച്ച ഫാ. കുര്യന്റെ വിയോഗത്തില്‍ മലബാറിലെ വിശ്വാസ സമൂഹത്തിന് നഷ്ടമാകുന്നത് പ്രതിസന്ധികളില്‍ തളരാത്ത ഒരു വഴികാട്ടിയെയാണ്.
കേവലം ഇടവക വൈദികന് എന്നതിനപ്പുറം അറിവിന്റെ ആഴങ്ങളിലേക്ക് സഞ്ചരിച്ച ആത്മീയ വ്യക്തിത്വമായിരുന്നു ഫാ. കുര്യന്. പാവപ്പെട്ടവരുടെ സങ്കടങ്ങള്‍ കണ്ടറിഞ്ഞ ഫാ. കുര്യന് തലച്ചിറക്കുഴി ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിവച്ച പദ്ധതികള്‍ സഭയുടെ യശസുയര്‍ത്തി. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ പാര്‍പ്പിടം, വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങിയ കാര്യങ്ങളിലെല്ലാം സജീവമായി ഇടപെട്ടു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ സമര്‍ഥരായ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കി സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതുപ്പാടിയില്‍ ഫിലിപ്പിനേരി സിസ്റ്റേഴ്സുമായി സഹകരിച്ച് "ജോയാഹോം' എന്ന പദ്ധതിക്ക് അദ്ദേഹം രൂപം നല്കി.
ഇവിടെ താമസിച്ച് മികച്ച സ്കൂളുകളില്‍ പഠിച്ച കുട്ടികള്‍ ഇന്ന് വിദേശത്തും നാട്ടിലുമായി മികച്ച ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിക്കുന്നുണ്ട്.
2013ല്‍ താമരശേരി രൂപതയുടെ ഡയോസിഷന്‍ എഡ്യുക്കേഷന്‍ എക്സലന്‍സ് പ്രോഗ്രാം എന്ന പദ്ധതിയിലൂടെ ഒട്ടനവധി കുടുംബങ്ങള്‍ക്ക് തണലായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു. 2019ല്‍ പുല്ലാഞ്ഞിമേട്ടില്‍ അത്യാധുനിക സൗകര്യങ്ങളോടെ മുതിര്‍ന്ന പൗരന്മാര്ക്കായി "ഒയാസിസ് സീനിയര്‍ കെയര്‍ ഹോം' സ്ഥാപിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടുമ്പോഴും ഇതിന്റെ സ്ഥാപക ഡയറക്ടറായി അദ്ദേഹം സ്തുത്യര്‍ഹമായ സേവനം തുടര്‍ന്നു.
പുതുപ്പാടി സെന്റ് ജോര്‍ജ് ഇടവകയില്‍ പുതിയ ദേവാലയ നിര്‍മാണത്തിന് തുടക്കം കുറിച്ചതും അദ്ദേഹമാണ്. വള്ളിയാട് ഇടവകയുടെ സമഗ്ര വികസനത്തിനായി പള്ളിമുറി നിര്‍മിക്കുകയും പള്ളിക്ക് സ്ഥിരവരുമാനം ലഭിക്കുന്നതിനായി കടമുറികള്‍ പണിത് വാടകയ്ക്ക് നല്‍കുകയും ചെയ്തത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന് തെളിവാണ്.
മാതൃകാപരമായ ജീവിതത്തിലൂടെ ദൈവജനത്തെ നയിച്ച ഫാ. കുര്യന്റെ ഭൗതീകശരീരം നാളെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയര്‍ കെയര്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ താമരശേരി മേരിമാതാ കത്തീഡ്രലിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
തുടർന്ന് പുതുപ്പാടി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും. സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടവക വികാരി ഫാ. സിബി കളത്തൂര്‍ പറഞ്ഞു.