ഗാന്ധിജയന്തി ദിനത്തിൽ പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരും കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ വിദ്യാർഥികളും നടത്തിയ ശുചീകരണം പ്രഫ. റോണി കെ. ബേബി എംഎൽ
കാഞ്ഞിരപ്പള്ളി: സംസ്ഥാനം 2031 മാർച്ച് 31നകം സമ്പൂർണ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ട് പുതുയുഗം ശുചിത്വ കേരളം പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തിൽ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം കുറിച്ചു. പ്രഫ. റോണി കെ. ബേബി എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. മാലിന്യങ്ങൾ തെരുവുകളിലോ ജലാശയങ്ങളിലോ വലിച്ചെറിയുന്ന സംസ്കാരത്തിന് മാറ്റം വന്ന് ഓരോ പൗരനും ഉത്തരവാദിത്തത്തോടെ മാലിന്യങ്ങളെ തരംതിരിച്ച് നൽകുന്ന ഒരു നവകേരളത്തെയാണ് ഈ പദ്ധതികൾ വിഭാവനം ചെയ്യുന്നതെന്ന് പ്രഫ. റോണി കെ ബേബി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോസമ്മ അഗസ്തി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.ടി. അയൂബ്ഖാൻ, ബിനു മറ്റക്കര, സിനിമോൾ തടത്തിൽ, ബേബി വട്ടയ്ക്കാട്ട്, അനീറ്റാമോൾ ആന്റണി, സിനി ജിബു, പി.ജി. സൂര്യകല, സോഫി ജോസഫ്, ജോണിക്കുട്ടി മഠത്തിനകം, ആൻസി സെബാസ്റ്റ്യൻ. കിരൺ രാജൻ എന്നിവർ പ്രസംഗിച്ചു.
മണിമല: വൈസ്മെൻ ഇന്റർനാഷണൽ ക്ലബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി പഴയിടം കവലയിലും പരിസരത്തും ശുചീകരണവും നവീകരണ പ്രവർത്തനങ്ങളും നടത്തി. പഴയിടത്തുള്ള വെയിറ്റിംഗ് ഷെഡും അശോക സ്തംഭവും പെയിന്റ് ചെയ്ത് നവീകരിച്ചു. പഴയിടം കവലയും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം റോണി കെ. ബേബി എംഎൽഎ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് മാത്യൂസ് വയലിൽ, സെക്രട്ടറി ലാജി മാടത്താനിക്കുന്നേൽ, എന്നിവർ പ്രസംഗിച്ചു. 1968ൽ അഞ്ച് മാസം കൊണ്ട് പൂർത്തീകരിച്ച പഴയിടം പാലത്തിന്റെ നിർമാണത്തിന് നേതൃത്വം നൽകിയ അന്നത്തെ ഐജി എം.കെ. ജോസഫിനെയും പ്രദേശത്തെ പൊതുപ്രവർത്തകനായിരുന്ന ദേവസ്യ ചേരാടിലിനെയും ചടങ്ങിൽ അനുസ്മരിച്ചു.
മുണ്ടക്കയം: വേലനിലം കുടിവെള്ള പദ്ധതിയുടെ സ്ഥാപകനും മുൻ എംഎൽഎയുമായിരുന്ന കെ.വി. കുര്യൻ പൊട്ടംകുളത്തിന്റെ എട്ടാം ചരമ വാർഷിക അനുസ്മരണവും ഗാന്ധിജയന്തി ആഘോഷവും സംഘടിപ്പിച്ചു. എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി. ജീരാജ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ ജോൺ, ചെയർമാൻ ജോണി പൊട്ടംകുളം, മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റോയി കപ്പിലുമാക്കൽ, വേലനിലം കുടിവെള്ള പദ്ധതി പ്രസിഡന്റ് കെ.കെ. കുര്യൻ പൊട്ടംകുളം, സെക്രട്ടറി കെ.പി. നാസറുദീൻ, വാർഡ് മെംബർമാരായ സി.വി. അനിൽ കുമാർ, സൂസൻ ജോമി, താരാ മോബി തുടങ്ങിയവർ പ്രസംഗിച്ചു. കണ്ണൂർ മെഡിക്കൽ കോളജിൽ നിന്നു എംബിബിഎസ് കരസ്ഥമാക്കിയ ഡോ.റോഷ്നി, ചരിത്രകാരി ഹംസ ബീവി ടീച്ചർ, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾ എന്നിവരെ ആദരിക്കുകയും സ്നേഹതീരം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആശ ഭവനിലെ അന്തേവാസികൾക്ക് വസ്ത്രവിതരണം നടത്തുകയും ചെയ്തു.
മുണ്ടക്കയം: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും ഐഎൻടിയുസിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. തുടർന്ന് മുണ്ടക്കയം ബൈപാസിന്റെ ഇരുവശങ്ങളും പ്രവർത്തകർ ശുചീകരിച്ചു. എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. രാജു അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി സെക്രട്ടറി ടി.ടി. സാബു, പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു, ജില്ല പഞ്ചായത്തംഗം പി. ജീരാജ്, നൗഷാദ് ഇല്ലിക്കൽ, ബി. ജയചന്ദ്രൻ, ബോബി കെ. മാത്യു, ബെന്നി ചേറ്റുകുഴി, റെമിൻ രാജൻ, എൻ.ആർ. സുരേഷ്, മറിയാമ്മ ആന്റണി എന്നിവർ പ്രസംഗിച്ചു.
കോരുത്തോട്: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മണ്ഡലകാലത്തിന് മുന്നോടിയായി കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ കോസടി വളവിലെ പുല്ലും കാടും വെട്ടിത്തെളിക്കുകയും കാടുകയറി കാഴ്ച മറഞ്ഞ ദിശാ ബോഡുകൾ വൃത്തിയാക്കുകയും ചെയ്തു. ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഫാ. മനു കെ. മാത്യു നിർവഹിച്ചു. കോരുത്തോട് പഞ്ചായത്തംഗം മിനി തങ്കച്ചൻ പ്രസംഗിച്ചു.
പൊൻകുന്നം: ഗാന്ധി ജയന്തി ദിനത്തിൽ കേരള വിദ്യാർഥി കോൺഗ്രസ് - എമ്മിന്റെ നേതൃത്വത്തിൽ പിപി റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി. കേരളാ കോൺഗ്രസ് - എം മുതിർന്ന അംഗം മാത്തുകുട്ടി പൂവത്താനി ഉദ്ഘാടനം ചെയ്തു. സുമേഷ് ആൻഡ്രൂസ്, റിച്ചു സുരേഷ്, ആൻഡ്രൂ വി. സുമേഷ്, ഡാനിയേൽ റ്റോം, സുമേഷ് ആരോൺ, ജോനാസ് സുമേഷ് എന്നിവർ പങ്കെടുത്തു.
പൊൻകുന്നം: ഗവൺമെന്റ് എച്ച്എസ്എസിൽ എൻഎസ്എസ് യൂണിറ്റിന്റെ ഗാന്ധിസ്മൃതി പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. മജ്നു അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം അഭിലാഷ്ചന്ദ്രൻ, പഞ്ചായത്തംഗം ഗൗതം ബാലചന്ദ്രൻ, പ്രിൻസിപ്പൽ എം.എച്ച്. നിയസാ, പി.എസ്. സലാഹുദീൻ, ആർ. രാജേഷ്, ബി. പ്രമോദ് എന്നിവർ പ്രസംഗിച്ചു.
പൊൻകുന്നം: ചിറക്കടവ് പബ്ലിക് ലൈബ്രറിയിൽ ഗാന്ധിജയന്തി വാരാഘോഷം എസ്ഐ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ ടി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. ശ്യാം ബാബു, രാജേഷ് പൊൻകുന്നം, എസ്.എസ്. രവീന്ദ്രൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
പൈക: സിറ്റിസൺ ക്ലബ് പൈകയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. രക്ഷാധികാരി സാജൻ തൊടുക ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈസ് കോഴിപൂവനാനി, അൽഫോൺസ് കുരിശുംമൂട്ടിൽ, ജോമോൻ കൊല്ലകൊമ്പിൽ, തോമസുകുട്ടി വട്ടയ്ക്കാട്ട്, ജിം തോളത്തിൽ, ജോബി പുത്തൻപുരക്കൽ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, റോബി കപ്പിലുമാക്കൽ, ജയിംസ് പൂവത്തോലി, ബാബു ഒള്ളാപാണിയിൽ എന്നിവർ പ്രസംഗിച്ചു.
എരുമേലി: കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പ്രസിഡന്റ് റെജി അമ്പാറ അധ്യക്ഷത വഹിച്ചു. നാസർ പനച്ചി, സൂര്യ കല, അനു ജെയിൻ, പ്രസന്ന അജി, ഷീബ രമണൻ, ഷെമീന ലത്തീഫ്, അഭിരാമി, സലിം കണ്ണങ്കര, പി.എം. ബഷീർ, വി.എം. നൗഷാദ്, തുടങ്ങിയവർ പങ്കെടുത്തു.
എലിക്കുളം: ഗ്രാമപഞ്ചായത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച സംസ്ഥാന സർക്കാർ പുതിയതായി ആവിഷ്കരിച്ചിരിക്കുന്ന നിർമ്മലം പുതുയുഗശുചിത്വ കേരളം പദ്ധതിയുടെ ഉദ്ഘാടനവും റാലിയും ഹരിത കർമ സേനാംഗങ്ങളെ ആദരിക്കലും നടത്തി. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ മെംബർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി. പഞ്ചായത്ത് അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ നടത്തിയ പുഷ്പാർച്ചനയ്ക്കു ശേഷം പഞ്ചായത്ത് മെംബർമാരും ജീവനക്കാരും ഹരിത കർമ സേനാംഗങ്ങളും തൊഴിലുറപ്പ് മേഖലയിൽ പ്രവർത്തിക്കുന്നവരും ചേർന്ന് കൂരാലിയിൽ റാലി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് ഉദ്ഘാടനം ചെയ്തു. മെംബർമാരായ ജോഷി കെ ആന്റണി, ആൻസി ജെയിംസ്, വി.ഐ. അബ്ദുൾ കരീം, എസ്. മനോജ്, സുജാത ദേവി, ജിഷ്ണു പറപ്പള്ളി, ജാൻസി ബേബി, മറിയാമ്മ ജോസഫ്, എസ്. മനു, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
മുണ്ടക്കയം: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വനമേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. മുണ്ടക്കയം - കോരുത്തോട് വനമേഖലയിലെ പാതയോരങ്ങളിൽ വ്യാപകമായി തള്ളിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളുടെയും സംയുക്ത നേതൃത്വത്തിൽ ശുചീകരിച്ചത്. ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വനമേഖലയിൽ നിന്ന് ശേഖരിച്ച് നീക്കം ചെയ്തത്. വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ചർ പി. സുനിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags : NattuVishesham.DistricteNews