മാര്‍ തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേക ചടങ്ങിനു തുടക്കം കുറിച്ച് കോട്ടയം അതിരൂപത മെത്രാസന മന്ദിരത്തില്‍നിന്നു ബിഷപ്പുമാരും വൈദികരും കത്തീഡ്രലിലേക്ക് പ്ര
കോട്ടയം: ക്നാനായ പാരമ്പര്യവും തനിമയും വിളിച്ചോതുന്നതായിരുന്നു മാര്‍ തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍. തനിമയിലും ആചാരത്തിലും ധന്യത പുലര്‍ത്തുന്ന ക്നാനായ സമൂഹത്തിന് ആഗോളതലത്തില്‍ നല്കിയ അംഗീകാരത്തിന്റെ ഭാഗമായിട്ടായിരുന്നു പുതിയ സഹായ മെത്രാന്. പ്രാര്‍ഥനകളും സ്തുതിപ്പുകളുമുയര്ന്ന ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കത്തീഡ്രല്‍ ദേവാലയത്തിലെ വലിയ മണി ആനന്ദത്തിന്റെ സങ്കീര്‍ത്തനങ്ങള്‍ മുഴക്കിയപ്പോള്‍ അതിരൂപത മെത്രാസന മന്ദിരത്തില്‍നിന്നു ക്രിസ്തുരാജ കത്തീഡ്രലിലേക്കുള്ള പ്രദക്ഷിണത്തോടെയാണ് മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് തുടക്കമായത്.
ക്നാനായ സമൂഹത്തിലെ 72 ഇല്ലങ്ങളെ പ്രതിനിധീകരിച്ച് 72 മുത്തുക്കുടകളുമായി വനിതകള്‍ പ്രദക്ഷിണത്തില്‍ അണിനിരന്നു. ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരണം നടത്തിയ കുട്ടികളും കൈകളില്‍ പൂക്കളേന്തി പ്രദക്ഷിണത്തിന്റെ മുന്‍നിരയില്‍ അണിനിരുന്നു. അതിരൂപതയിലെ എല്ലാ വൈദികരും ഇടവകളില്‍നിന്നുള്ള പ്രതിനിധികളും ഉള്‍പ്പടെ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ദേവാലയമുറ്റത്തെ വിശാലമായ പന്തലിനു പുറമേ ബിസിഎം കോളജ് ഓഡിറ്റോറിയത്തിലും സെന്റ് ആന്‍സ് സ്കൂള്‍ പരിസരത്തും വലിയ സ്ക്രീനില്‍ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി സൗകര്യമൊരുക്കിയിരുന്നു. ഒമ്പതിലധികം പ്ലാറ്റ് ഫോമിലൂടെ ലോകമെമ്പാടും തത്സമയം ചടങ്ങുകള്‍ കാണുന്നതിനു സൗകര്യമുണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത വിശ്വാസിസമൂഹത്തിനു മാര്‍ തോമസ് ആനിമൂട്ടില്‍ ആശീര്‍വാദം നല്‍കിയതോടെയാണു ചടങ്ങുകള്‍ സമാപിച്ചത്.
ചടങ്ങിനു സാക്ഷ്യം വഹിക്കാൻ ജനപ്രതിനിധികളും
പൗരപ്രമുഖരും
കോട്ടയം: മാര്‍ തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേക ചടങ്ങിനു സാക്ഷ്യം വഹിക്കാൻ ജനപ്രതിനിധികളും പൗരപ്രമുഖരുമടങ്ങുന്ന വലിയ നിരയാണെത്തിയത്. ഷെവലിയാര്‍ ജോയ് ജോസഫ് കൊടിയന്തറ, ജസ്റ്റീസ് സിറിയക് ജോസഫ്, നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോസ് കെ. മാണി എംപി, നാട്ടകം സുരേഷ് എംഎൽഎ,സജീവ് ജോസഫ് എംഎല്‍എ, ജോസഫ് വാഴയ്ക്കന്, കെ.സി. ജോസഫ്, റോഷി അഗസ്റ്റിന്, തോമസ് ചാഴികാടന്, സ്റ്റീഫന്‍ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഷോണ്‍ ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, കോട്ടയം നഗരസഭ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു, വികാരി ജനറാള്‍മാര്‍ ഉള്‍പ്പെടെ മത-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
കോട്ടയം അതിരൂപത സിഞ്ചെല്ലൂസ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍, പ്രൊക്യുറേറ്റര്‍ ഫാ. ഏബ്രഹാം പറമ്പേട്ട്, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ.ഡോ. ബിനു കുന്നത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
അനുഗ്രഹമായി ബിഷപ്പുമാരുടെ നിറസാന്നിധ്യം
കോട്ടയം: ആഗോളതലത്തില്‍ വ്യാപിച്ചുകിടക്കുന്ന ക്നാനായ സമൂഹത്തിനു റോമും സീറോ മലബാര്‍ സഭയും സിനഡും നല്കിയ അംഗീകാരമായ പുതിയ സഹായമെത്രാന്റെ മെത്രാഭിഷേക ചടങ്ങുകളില്‍ ബിഷപ്പുമാരുടെ നിറസാന്നിധ്യം. വിവിധ സഭകളെ പ്രതിനിധീകരിച്ച് 50ല്‍പ്പരം ബിഷപ്പുമാര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരായി.
ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡോ. തോമസ് നെറ്റോ, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ബോസ്കോ പുത്തൂര്‍, മാര്‍ ജോര്‍ജ് പൊരുന്നേടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ തോമസ് പാടിയത്ത്, ജോസഫ് മാര്‍ തോമസ്, വിന്‍സന്റ് മാര്‍ പൗലോസ്, യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, സാമുവൽ മാര്‍ ഐറേനിയോസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ അലക്സിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ഡോ. ജോര്‍ജ് പള്ളിപ്പറമ്പില്‍, ഡോ. ജയിംസ് തോപ്പില്‍, ഡോ. അഗസ്റ്റിന് മഠത്തിക്കുന്നേല്‍, ഡോ. ആന്റണി വാലുങ്കല്‍, ഡോ. ജയിംസ് ആനാപറമ്പില്‍, ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ്, ഡോ. ആന്റണി കാട്ടിപ്പറമ്പില്‍, കുര്യാക്കോസ് മാര്‍ സേവേറിയോസ്, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, ഡോ. സെല്‍വരാജ് ദാസന്, മാർ ജോസഫ് പണ്ടാരശേരിൽ, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ ചടങ്ങുകളില്‍ സഹകാര്‍മികരായി.
Tags : NattuVishesham.DistricteNews