മാലിന്യം ശേഖരിച്ച വാഹനം പൊലീസ് പിടികൂടിയപ്പോൾ.
വിളപ്പിൽശാല: ശുചിമുറി മാലിന്യമുൾപ്പെടെയുള്ളവ നിക്ഷേപിക്കാനെത്തിയ സംഘത്തെയും വാഹനവും നാട്ടുകാർ പിടികൂടി. വിളപ്പിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിക്ഷേപിക്കാനായി, നഗരത്തിൽ നിന്നു ശേഖരിച്ച ശുചിമുറി മാലിന്യമായെത്തിയ വാഹനമാണ് നാട്ടുകാർ പിടികൂടിയത്.
വിളപ്പിൽശാല അണമുഖത്ത് ഗവ. ആശുപത്രിക്ക് സമീപത്തുവച്ചാണ് വാഹനം പിടികൂടിയത്. ശുചിമുറി മാലിന്യം ശേഖരിച്ച വാഹനം രാവിലെ വിവിധയിടങ്ങളിൽ ഒതുക്കിയിടുകയും രാത്രിയോടെ പ്രദേശത്തെ ചെറുതോടുകളിലുൾപ്പെടെ മാലിന്യം തള്ളുകയുമായിരുന്നു പതിവെന്നു നാട്ടുകാർ ആരോപിച്ചു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിളപ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. അനിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി മാലിന്യം ശേഖരിച്ച വാഹനം പിടിച്ചെടുത്തു. ശേഖരിക്കുന്നതിനോ ഒഴുക്കുന്നതിനോ മതിയായ രേഖകൾ ഇല്ലാതെയാണ് വാഹനമെത്തിയത്.
വിളപ്പിൽശാല പൊലീസും സ്ഥലത്തെത്തിയിരുന്നു. കർശന നടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. റിപ്പോർട്ട് തയാറാക്കി പിഴയീടാക്കും. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകുമെന്നു പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
Tags : Nattuvishesham Local News Gang arrested