ഹരിപ്പാട്: ബാറിനു മുന്നിൽ കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനം തട്ടിയതു ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊലക്കേസ് പ്രതിയടക്കം മൂന്നു പേരെ ഹരിപ്പാട് പൊലിസ് അറസ്റ്റ് ചെയ്തു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഹരിപ്പാട് തുലാമ്പറമ്പ് മഹേഷ് ഭവനത്തിൽ മഹേഷ് (39), തുലാമ്പറമ്പ് പുളിമൂട്ടിൽ തെക്കതിൽ സുമേഷ് (30), തുലാമ്പറമ്പ് രാഗം വീട്ടിൽ വിനായക് (30) എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന നാലാമനായി പൊലിസ് അന്വേഷണം ഊർജിതമാക്കി.
കാർത്തികപ്പള്ളി മഹാദേവികാട് പാട്ടത്തിൽ വീട്ടിൽ ആദിത്യൻ മനോജിനാണ് (27) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ആദിത്യന്റെ മൂക്കിന്റെ പാലത്തിനും ഇടത് ചെവിയുടെ ഭാഗത്തെ എല്ലിനും പൊട്ടലുണ്ട്. സഹോദരനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും മർദനമേറ്റു.
ഞായറാഴ്ച രാത്രി പത്തരയോടെ നാരകത്തറ ജീനാ ബാറിനു മുന്നിലായിരുന്നു സംഭവം. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തി ബാറിലെ മുറിയിൽ താമസിക്കുകയായിരുന്നു ആദിത്യനും സംഘവും. ഒന്നാം പ്രതി മഹേഷും കൂട്ടാളിയും സഞ്ചരിച്ച കാർ ബാറിനു മുന്നിൽ അശ്രദ്ധമായി പിന്നോട്ടെടുക്കവേ അവിടെ പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിൽ ഇടിച്ചു. ഇതു ചോദ്യം ചെയ്തതോടെ പ്രകോപിതരായ പ്രതികൾ ഇവരെ അസഭ്യം പറഞ്ഞ് മർദിക്കുകയായിരുന്നു. ഇതിനിടെ സ്കൂട്ടറിലെത്തിയ മറ്റ് രണ്ടു പ്രതികളും ചേർന്ന് നിലത്തു തള്ളിയിട്ടു മർദിച്ചു.
തുടർന്ന് മഹേഷ് കൈയിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് ആദിത്യന്റെ തല ലക്ഷ്യമാക്കി ആഞ്ഞടിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ അടി ചെവിയുടെ ഭാഗത്താണ് കൊണ്ടത്. അക്രമത്തിനു പിന്നാലെ കമ്പിവടിയുമായി യുവാക്കളുടെ മുറിയിലെത്തിയ സംഘം വധഭീഷണി മുഴക്കുകയും ഇവരുടെ കാറിന്റെ ഡിക്കി തല്ലിത്തകർക്കുകയും ചെയ്തു.
യുവാക്കൾ പരാതി നൽകാതിരിക്കാൻ ഇവർ ആദ്യം ചികിത്സതേടിയ ആശുപത്രിയിലും പ്രതികൾ ഭീഷണിയുമായി എത്തി. തുടർന്ന് ഭയം മൂലവും തലയ്ക്കും മൂക്കിനും പരിക്കേറ്റത് ഗുരുതരമായതിനാലും യുവാക്കളെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു മണ്ണാറശാല ഭാഗത്തെ കാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ, കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലിസ് സംഘം വളഞ്ഞുപിടിച്ചത്. കൊലപാതകക്കേസിനു പുറമേ കഴിഞ്ഞവർഷം ഒരാളുടെ കൈവെട്ടുകേസിലും പ്രതിയായ ഒന്നാം പ്രതി മഹേഷ്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും വധശ്രമം നടത്തിയത്.
ഹരിപ്പാട് സിഐ ബി.വിനോദ് കുമാർ, എസ്ഐമാരായ ഉദയകുമാർ, രാകേഷ്, എഎസ്ഐമാരായ ശിഹാബ്, പ്രമോദ്, സിപിഒമാരായ നിഷാദ്, വൈശാഖ്, മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags : NattuVishesham DistrictNews