അഗ്നിരക്ഷാപ്രവര്ത്തകര് ഗ്യാസ് സിലിണ്ടർ വൃത്തിയാക്കിയപ്പോൾ പുറത്തേക്ക് വരുന്ന ഗ്യാസ്.
കുണ്ടറ : ഗ്യാസ് സിലിണ്ടര് ചോര്ന്നു. അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടല് മൂലം വന് ദുരന്തം ഒഴിവായി. വെള്ളിമണ് ചെറുമൂട് കൊച്ചുവിളക്കടയില് സുധാകരന് പിള്ളയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് ചോർന്നത്. ഗ്യാസിന്റെ ദുര്ഗന്ധവും ശബ്ദവും മകള് ആര്യയുടെ ശ്രദ്ധയില്പ്പെട്ടതോടെയാണ് അപകടം പുറത്തറിയുന്നത്. ഗ്യാസ് വാങ്ങിയിട്ടു കുറച്ചുദിവസമായെങ്കിലും ചെറിയ ലീക്ക് വീട്ടുകാരുടെ ശ്രദ്ധയില് പെട്ടില്ല.
എന്നാല് കഴിഞ്ഞ ദിവസം രാത്രി ലീക്കായതിന്റെ മണവും ശബ്ദവും കൂടിയതോടെയാണ് ശ്രദ്ധയില്പ്പെട്ടത്. ഉടനെ കുണ്ടറയിലെ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. വെള്ളമൊഴിച്ച് ലീക്കുള്ള ഭാഗം കണ്ടെത്തുകയും തുടര്ന്ന് പശ വച്ച് തത്കാലം ഒട്ടിച്ചശേഷം ഗ്യാസ് വീടിന് പുറത്ത് വയ്ക്കുകയായിരുന്നു. ഇന്ത്യന് ഓയില് കോര്പറേഷന് 2028 വരെ കാലാവധി ഉള്ള ഈ സിലിണ്ടര് ശരിയായ പ്രഷര് ടെസ്റ്റ് ചെയ്യാതെയാണ് വീട്ടുകാര്ക്ക് വിതരണം ചെയ്യുന്നത് എന്നാണ് കണ്ടെത്തല്,
ഐഒസി യുടെ ഗുരുതരമായ വീഴ്ച മൂലം ഇനിയും പല കുടുംബങ്ങളിലും ദുരന്തം ഉണ്ടായേക്കാമെന്ന് രക്ഷാസേന പ്രവര്ത്തകര് പറയുന്നു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര് ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാ പ്രവര്ത്തനം നടത്തിയത്.