പ്രതീകാത്മക ചിത്രം
കോട്ടയം: വിവാഹത്തിന് ഭക്ഷണം നല്കാമെന്നേറ്റശേഷം മുങ്ങിയസംഘം സ്ഥിരം തട്ടിപ്പുകാര്‍. മുണ്ടക്കയം കാളകെട്ടി ഉദയം കേറ്ററിംഗ് സ്ഥാപനത്തിനെതിരേയാണ് രണ്ടു വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. മുണ്ടക്കയം പനയ്ക്കച്ചിറ സ്വദേശിനിയുടെയും കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയുടെയും വിവാഹങ്ങള്‍ക്ക് രണ്ട് സ്ഥലങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യാമെന്നേറ്റ് പണം കൈപ്പറ്റിയശേഷം മുങ്ങുകയായിരുന്നു.
ഭക്ഷണം കണ്ടെത്താന്‍ സാധിക്കാതെ വീട്ടുകാര്‍ ബുദ്ധിമുട്ടിയെങ്കിലും സമീപത്തെ ഹോട്ടലുകളില്‍ അതിഥികളെ എത്തിച്ചു ഭക്ഷണം നൽകി. കാഞ്ഞിരപ്പള്ളി ആസ്ഥാനമായുള്ള ഉദയം കേറ്ററിംഗ് സ്ഥാപനത്തിനെതിരേയും പണം കൈപ്പറ്റിയ വിഷ്ണുവിനെതിരേയും മുണ്ടക്കയം പൊലിസില്‍ പരാതി നല്കി.
ചോറ്റി മഹാദേവ ക്ഷേത്രത്തില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന വിവാഹത്തിനാണ് പ്രശ്നമുണ്ടായത്. വാല്‍പ്പാറയില്‍ താമസിക്കുന്ന കുടുംബം സോഷ്യല്‍മീഡിയ വഴിയാണ് കേറ്ററിംഗ് സ്ഥാപനത്തെ പരിചയപ്പെടുന്നത്. പനയ്ക്കച്ചിറ സ്വദേശിനിയായ യുവതിയുടെ വിവാഹത്തിന് 1.70 ലക്ഷം രൂപയ്ക്ക് 400 പേര്‍ക്ക് സദ്യ ബുക്ക് ചെയ്തു. 1.40 ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റുകയും ചെയ്തു.
വിവാഹത്തലേന്ന് 30 പേര്‍ക്കുള്ള ഭക്ഷണം വീട്ടില്‍ എത്തിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെ ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ അവസാനിച്ചിട്ടും ഓഡിറ്റോറിയത്തില്‍ ഭക്ഷണം എത്തിയില്ല. കരാര്‍ ഏറ്റെടുത്ത വിഷ്ണുവിനെ ഫോണില്‍ ലഭിക്കാതെ വരുകയും ചെയ്തതോടെ തട്ടിപ്പ് ബോധ്യപ്പെട്ടു.
ഉച്ചഭക്ഷണത്തിന്റെ തിരക്കിലായതിനാല്‍ ഹോട്ടലില്‍നിന്നു ഭക്ഷണം ലഭിക്കുവാനും ബുദ്ധിമുട്ടി. പിന്നീട് വിവിധ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം ക്രമീകരിച്ച് അതിഥികള്‍ക്ക് നല്കി.
കഞ്ഞിക്കുഴി സ്വദേശിനിയായ യുവതിയുടെ വിവാഹത്തിനു ഭക്ഷണം, സ്റ്റേജ് തുടങ്ങിയ കാര്യങ്ങള്‍ക്കായി 1.60 ലക്ഷം രൂപയുടെ കരാറാണ് നല്‍കിയത്. ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്തു. ഇതില്‍ സ്റ്റേജ്, സൗണ്ട് തുടങ്ങിയവ കരാറുകാര്‍ തന്നെ മറ്റൊരാളെ ഏല്പിച്ചിരുന്നു. വിവാഹം നടന്ന കഞ്ഞിക്കുഴിയിലെ ഓഡിറ്റോറിയത്തില്‍ വെല്‍ക്കം ഡ്രിങ്ക് ഉള്‍പ്പെടെ ഭക്ഷണം എത്താതിരുന്നതോടെ ഇവരുമായി ബന്ധപ്പെട്ടപ്പോള്‍, ഈരാറ്റുപേട്ടയില്‍നിന്നു ഭക്ഷണം കൊണ്ടുവന്ന വാഹനം അപകടത്തില്‍പെട്ടുവെന്നും മറ്റൊരു വാഹനത്തില്‍ ഉടന്‍ എത്തുമെന്നും അറിയിച്ചു.
പിന്നീട് വിളിച്ചപ്പോള്‍ ഭക്ഷണം പാകം ചെയ്തില്ലെന്നും എത്തിക്കാന്‍ കഴിയില്ലെന്നുമാണ് പറഞ്ഞത്. ഇതോടെ ഭക്ഷണം നല്കാനാകാതെ ബുദ്ധിമുട്ടിയ വീട്ടുകാര്‍ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം എത്തിച്ച് അതിഥികളെ തൃപ്തിപ്പെടുത്തി.
പനയ്ക്കച്ചിറ സ്വദേശിനിയുടെ കുടുംബത്തിന്റെ പരാതിയില്‍ കേറ്ററിംഗ് സ്ഥാപന ഉടമകളെ ഇന്നലെ മുണ്ടക്കയം സ്റ്റേഷനിലേക്ക് പൊലിസ് വിളിപ്പിച്ചെങ്കിലും എത്തിയില്ല. കുടുംബത്തിന് ഇന്നലെ വിവാഹസത്കാരത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇവരെ പൊലിസ് പറഞ്ഞയച്ചു. ഇന്നു മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് പറഞ്ഞു.
കഞ്ഞിക്കുഴി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലിസ് കേസെടുത്തു. കേസ് പഠിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് പറഞ്ഞു.
Tags : NattuVishesham DistrictNews