പ്രതീകാത്മക ചിത്രം
കണ്ണൂർ: ജില്ലയില്‍ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ മത്സ്യബന്ധന തുറമുഖങ്ങളില്‍ സ്പെഷല്‍ ഡ്രൈവ് നടത്തും. എഡിഎം പി.എന്‍. പുരുഷോത്തമന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അതിഥി തൊഴിലാളി രജിസ്ട്രേഷന് അവലോകനയോഗത്തിലാണ് തീരുമാനം.
ജില്ലയിലെ എട്ടോളം മത്സ്യബന്ധന തുറമുഖങ്ങളില്‍ ഏകദേശം പതിനായിരത്തിനു മുകളില്‍ അതിഥി തൊഴിലാളികള്‍ ജോലിക്കെത്തുന്നുണ്ട്. ഇവരുടെ വിവരശേഖരണം കാര്യക്ഷമമാക്കുന്നതിന് ഫിഷറീസ് വകുപ്പും തൊഴില്‍വകുപ്പും കൂടിചേര്‍ന്നുള്ള പ്രത്യേക രജിസ്ട്രേഷന് കാന്പയിനാണ് സംഘടിപ്പിക്കുക. ആധാര്‍ അധിഷ്ഠിത തിരിച്ചറിയല്‍ കാര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് നല്‍കും. ഇതര മേഖലകളില്‍ നടക്കുന്ന അതിഥി തൊഴിലാളി രജിസ്ട്രേഷന് പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. വ്യവസായ സ്ഥാപനങ്ങള്‍, നിര്‍മാണ മേഖലകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റ് തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം എത്തുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കും.
ഇതിനായുള്ള മാസ് ഡ്രൈവുകള്‍ രണ്ടാംഘട്ടം നടത്തും. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലില്‍നിന്ന് തിരിച്ചുപോകുന്നവര്‍ക്ക് തിരികെ വീണ്ടും എത്തുന്ന വേളയില്‍ വീണ്ടും രജിസ്ട്രേഷന്റെ ആവശ്യമില്ല. ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ വിവരശേഖരണം ഏകീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
രജിസ്റ്റര്‍ ചെയതത് 33,601 അതിഥി തൊഴിലാളികള്‍
ജില്ലയില്‍ ഇതുവരെ 33,601 അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി. മത്സ്യബന്ധന തുറമുഖങ്ങളായ ആയിക്കര, അഴീക്കല്‍, പുതിയങ്ങാടി, തലായി, ഗോപാല്‍പേട്ട, പാലക്കോട് എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ 63 രജിസ്ട്രേഷന് ക്യാമ്പുകളിലായി 3177 അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്തു. ബാക്കിയുള്ള തൊഴിലാളികളുടെ രജിസ്ട്രേഷന് സ്പെഷല്‍ ഡ്രൈവിലൂടെ പൂര്‍ത്തീകരിക്കും. ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ തൊഴിലാളികള്‍ സ്വദേശത്തേക്ക് പോയിരിക്കുകയാണ്. ഇവര്‍ തിരിച്ചെത്തുന്ന മുറയ്ക്ക് സ്പെഷല്‍ ഡ്രൈവ് ആസൂത്രണം ചെയ്യും.
കണ്ണുര്‍ സര്‍ക്കിളിലാണ് ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളുള്ളത്.
Tags : Local News Nattuvishesham Guest worker registration Special drive