ആരോഗ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയോട് അനുബന്ധിച്ച് കായകല്‍പ്പം ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. മുരളീധരന് നിര്‍വഹിക്കുന്നു.
കല്‍പ്പറ്റ: ജില്ലയ്ക്കായി ഒരു ഡസനില്‍ അധികം പദ്ധതികള്‍ ഉള്‍പ്പെടുന്ന പ്രത്യേക ഹെല്‍ത്ത് പാക്കേജ് ആരോഗ്യം, ദേവസ്വം മന്ത്രി കെ. മുരളീധരന് പ്രഖ്യാപിച്ചു. ആരോഗ്യ രംഗത്ത് ജില്ല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിച്ച് ജനകീയ ഇടപെടലായി കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ നടത്തിയ കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് പുതുജീവന്‍ നല്കുന്ന കര്‍മപദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്.
ജില്ലയില്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി ഉടനുണ്ടാകും. വയനാട് മെഡിക്കല്‍ കോളജിന് നിലവില്‍ മെഡിക്കല്‍ കോളജിനായി കണ്ടെത്തിയ സ്ഥലം സംരക്ഷിത വനഭൂമിയായതിനാല്‍ അനിയോജ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടിയില്‍ മറ്റൊരു സ്ഥലം ലഭ്യമാക്കാനുള്ള സാധ്യതകള്‍ തേടുകയാണ്. ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുത്ത് അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയില്ലെങ്കില്‍ അടുത്ത വര്‍ഷം കോളജിന് അംഗീകാരം നഷ്ടമാവുന്ന സ്ഥിതിയുണ്ടാവും. ഇത് തടയാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് എത്രയും വേഗം ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വൈത്തിരി ആശുപത്രിയെ ജില്ലാ മാതൃകാ ആശുപത്രിയാക്കി ഉയര്‍ത്തും. ഇവിടെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിന് ഉടന്‍ തറക്കല്ലിടും. ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലുള്ള എംആര്‍ഐ സ്കാനിംഗ് അപര്യാപ്തത പരിഹരിക്കാന്‍ ഒരു പ്രധാന ആശുപത്രിയില്‍ എംആര്‍ഐ സ്കാനിംഗ് ഉടന്‍ സജ്ജമാക്കും. ജില്ലയിലെ എല്ലാ ആശുപത്രികളിലും മതിയായ തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ നിയോഗിക്കും.
മുടങ്ങിക്കിടക്കുന്ന ഫണ്ടുകള്‍ ലഭ്യമാക്കുന്നതും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ നടപടിയുണ്ടാകും. ജില്ലാ മെഡിക്കല്‍ ഓഫീസിന് (ആരോഗ്യം) സ്വന്തമായി കെട്ടിടമില്ലാത്ത സാഹചര്യത്തില്‍ ഓഫീസ് കെട്ടിടം നിര്‍മിക്കും. ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തും. വന്യജീവി ആക്രമണം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സ്ഥാപിക്കും. ജില്ലയില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിശദമായ പഠനം നടത്തും.
മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കമ്പളക്കാട് സ്വദേശി അനീഷിന്റെ കുടുംബത്തിന് ആരോഗ്യകിരണം പദ്ധതിവഴി ചികിത്സാ സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഷിഗെല്ല ഉള്‍പ്പെടെയുള്ള ജനജന്യ രോഗങ്ങള്‍ തടയുന്നതിന് ജലപരിശോധനകള്‍ കര്‍ശനമാക്കും. ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ കൊണ്ട് നിപയുടെ വ്യാപനം ഫലപ്രദമായി തടയാനായി. കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഷിഗെല്ല നിയന്ത്രിക്കാനായെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയിലെ വെല്ലുവിളികള്‍, പ്രതിസന്ധികള്‍, ആരോഗ്യ രംഗത്ത് മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട പദ്ധതി നിശ്ചയിക്കല്‍ എന്നിവയും മണ്ഡലാടിസ്ഥാനത്തില്‍ ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനായി പദ്ധതി തയ്യാറാക്കുകയാണ് ജനസമ്പര്‍ക്ക പരിപാടിയുടെ ലക്ഷ്യം.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഓരോ നിയമസഭാ മണ്ഡലത്തിന്റെയും അടിസ്ഥാനത്തില്‍ പ്രത്യേക യോഗം നടത്തിയാണ് മന്ത്രി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും കേട്ടത്. പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു.
കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഐ.സി. ബാലകൃഷ്ണന്, ഉഷ വിജയന്,പ്രിയങ്ക ഗാന്ധി എംപിയുടെ പ്രതിനിധി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്,
വൈസ് പ്രസിഡന്റ് ടി. ഹംസ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ്, ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, എന്‍എച്ച്എം സംസ്ഥാന മിഷന് ഡയറക്ടര്‍ അനു എസ്. നായര്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന്, ഐഎസ്എം ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ,
ഹോമിയോ വകുപ്പ് ഡയറക്ടര്‍ ഡോ. എം.പി. ബീന, കല്‍പ്പറ്റ വാര്‍ഡ് കൗണ്‍സിലര്‍ ദ്വീപ, എഡിഎം കെ. അജീഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. പി.എം. മൊയ്തീന് ഷാ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ വി.ആര്. ഷീജ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Wayanad