കാസര്‍ഗോഡ്: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും പിന്നിലായി കാസര്‍ഗോഡ്. 71.72 ആണ് ജില്ലയുടെ വിജയശതമാനം. കഴിഞ്ഞവര്‍ഷവും ഏറ്റവും പിന്നില്‍ കാസര്‍ഗോഡ് തന്നെയായിരുന്നു (71.09 ശതമാനം). 103 സ്കൂളുകളില്‍ നിന്നായി 16,173 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 11,599 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
രണ്ടു കുട്ടികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും ലഭിച്ചത്. സൗത്ത് തൃക്കരിപ്പൂര്‍ ജിഎച്ച്എസ്എസിലെ സയന്‍സ് വിദ്യാര്‍ഥി എം. മുഹമ്മദ് ഷുഹൈബ്, ചട്ടഞ്ചാല്‍ സിഎച്ച്എസ്എസിലെ കൊമേഴ്സ് വിദ്യാര്‍ഥിനി എ. കാര്‍ത്തിക എന്നിവരാണ് 1200ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കിയത്. 998 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. ചെര്‍ക്കള മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ഡെഫ് ആണ് നൂറു ശതമാനം വിജയം കൈവരിച്ച ഏക സ്കൂള്‍. 15 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്.
സംസ്ഥാനത്ത് ഏറ്റവും കുറവ് വിജയശതമാനമുള്ള സ്കൂളുകളിലൊന്ന് ജില്ലയിലെ കല്യോട്ട് ജിഎച്ച്എസ്എസ് ആണ് (4.55 ശതമാനം). ഇവിടെ 44 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ രണ്ടുപേര്‍ മാത്രമാണ് വിജയിച്ചത്. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 42.2 ആണ് വിജയശതമാനം. 1365 പേര് പരീക്ഷയെഴുതിയതില്‍ 576 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. മൂന്നുപേര്‍ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ട്.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും കാസര്‍ഗോഡാണ് ഏറ്റവും പിന്നിൽ. 60.63 ആണ് വിജയശതമാനം. 1082 പേര് പരീക്ഷയെഴുതിയതില്‍ 656 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
കഴിഞ്ഞവര്‍ഷം 61.70 ആയിരുന്നു വിജയശതമാനം. രണ്ടു സ്കൂളുകള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി. 59 പേര് പരീക്ഷയെഴുതിയ മുള്ളേരിയ ജിവിഎച്ച്എസ്എസ്, 40 പേര് പരീക്ഷയെഴുതിയ കുഞ്ചത്തൂര്‍ ജിവിഎച്ച്എസ്എസ് എന്നീ സ്കൂളുകളാണ് നൂറുമേനി വിജയം കൊയ്തത്.
90 ശതമാനത്തിനു മുകളില്‍ ഒമ്പതു സ്കൂളുകള്‍
ജില്ലയില്‍ 90 ശതമാനത്തിന് മുകളില്‍ വിജയം കൈവരിച്ചത് ഒമ്പതു സ്കൂളുകള്‍ മാത്രം.
സ്കൂളിന്റെ പേര്, പരീക്ഷ എഴുതിയ കുട്ടികള്‍, വിജയിച്ച
കുട്ടികള്‍, ബ്രാക്കറ്റില്വിജയശതമാനം എന്നിവയഥാക്രമം:
കമ്പല്ലൂര്‍ ജിഎച്ച്എസ്എസ്-168ല്‍ 157 (93.45), ഉദുമ ജിഎച്ച്എസ്എസ്-258ല്‍ 240 (93.02), രാജപുരം ഹോളിഫാമിലി എച്ച്എസ്എസ്-175ല്‍ 168 (96), സൗത്ത് തൃക്കരിപ്പൂര്‍ ജിഎച്ച്എസ്എസ്-198 ല്‍ 183(9.42), ചെറുവത്തൂര്‍ ഗവ. ഫിഷറീസ് എച്ച്എസ്എസ്-129 ല്‍ 123 (95.35), ഉദുമ മോഡല്‍ റസിഡന്‍ഷ്യല്‍ എച്ച്എസ്എസ്-96 ല്‍ 93 (96.88), പാക്കം ജിഎച്ച്എസ്എസ്-130 ല്‍ 125 (96.15), വരക്കാട് എച്ച്എസ്എസ്-114 ല്‍ 107 (93.86), നീലേശ്വരം രാജാസ് എച്ച്എസ്എസ്-178 ല്‍ 167 (93.82).
30 ശതമാനത്തില്‍ കുറവ് അഞ്ചു സ്കൂളുകള്‍
ജില്ലയില്‍ 90 ശതമാനത്തിന് മുകളില്‍ വിജയം കൈവരിച്ചത് ഒമ്പതു സ്കൂളുകള്‍ മാത്രം.
അഞ്ചു സ്കൂളുകളുടെ
വിജയശതമാനം 30ല്‍ താഴെയാണ്. പരീക്ഷ എഴുതിയ കുട്ടികള്‍,
വിജയിച്ച കുട്ടികള്‍, ബ്രാക്കറ്റില്‍
വിജയശതമാനം എന്നിവ യഥാക്രമം:
അഡൂര്‍ ജിഎച്ച്എസ്എസ്-132ല്‍ 38 (28.79), കല്യോട്ട് ജിഎച്ച്എസ്എസ്-44ല്‍ 2 (4.55), ഷിറിയ ജിഎച്ച്എസ്എസ്-153ല്‍ 28 (18.30), എംഐസി ചട്ടഞ്ചാല്‍-17ല്‍ രണ്ട് (11.76), പൈവളിക ജിഎച്ച്എസ്എസ്-113ല്‍ 20 (17.70).