മക്കരപ്പറമ്പ് ഹൈസ്കൂളിൽ ആരംഭിച്ച വീടുകളിൽ ഒരു കൃഷിത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്ത് സ്കൂൾ പ്രധാനധ്യാപിക കെ.ടി. ജസീല നിർവഹ
മക്കരപ്പറമ്പ്: വിദ്യാർഥികളിൽ കൃഷിബോധവും പ്രകൃതിസ്നേഹവും വളർത്തുകയെന്ന ലക്ഷ്യത്തോടെ മക്കരപ്പറമ്പ് ഗവൺമെന്റ് ഹൈസ്കൂളിൽ വീടുകളിൽ ഒരു കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കം.
പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടാനും വിഷരഹിത ആഹാരശീലം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഫോറസ്ട്രി ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.
എട്ടാം ക്ലാസിലെ "നട്ടു നനയ്ക്കാം നന്മകൾ കൊയ്യാം' എന്ന പാഠഭാഗത്തിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തങ്ങളുടെ വീടുകളിൽ നട്ടുപിടിപ്പിക്കുന്നതിനായി വിവിധയിനം ഗുണമേന്മയുള്ള പച്ചക്കറി വിത്തുകൾ അടങ്ങിയ പാക്കറ്റുകൾ നൽകി.
പുതുതലമുറയ്ക്ക് മണ്ണിലേക്കിറങ്ങാനും കൃഷിയുടെ പ്രാധാന്യം മനസിലാക്കാനും പദ്ധതി ഏറെ സഹായകരമാകുമെന്ന് ഹൈസ്കൂൾ പ്രധാനധ്യാപിക കെ.ടി. ജസീല പറഞ്ഞു. വിത്തുപായ്ക്കറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
കുട്ടികൾ സ്വന്തം വീടുകളിൽ തയാറാക്കുന്ന കൃഷിത്തോട്ടങ്ങളുടെ പരിപാലനവും വിളവെടുപ്പും ക്ലബ് ഭാരവാഹികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിലയിരുത്തും.
മികച്ച രീതിയിൽ കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് വരും ദിവസങ്ങളിൽ പ്രത്യേക പുരസ്കാരങ്ങൾ നൽകുമെന്ന് ഫോറസ്ട്രി ക്ലബ് കോ-ഓർഡിനേറ്റർ പി. പ്രമോദ് അറിയിച്ചു. അധ്യാപകരായ എൻ.പി. രാജേഷ് കുമാർ, ആർ.എൻ. ദിവ്യ, ഫാസിൽ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Malappuram