പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണിയും വില്ലേജ് ഉദ്യോഗസ്ഥരും തോമസിന്റെ വീട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിക്കുന്നു.
പാലാവയൽ: ബാങ്ക് വായ്പയെടുത്ത് നിർമാണം തുടങ്ങിയ വീട് പണി പൂർത്തിയാകുന്നതിനുമുമ്പ് മണ്ണിനടിയിലായതോടെ ഇനിയെന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് അത്തിയടുക്കം വടക്കേമലയിലെ ഏരിമറ്റത്തിൽ തോമസ്. നാലു വർഷം മുമ്പാണ് വീടിന്റെ നിർമാണം തുടങ്ങിയത്. ബാങ്ക് വായ്പ ഉൾപ്പെടെ സാമ്പത്തിക ബാധ്യതകളേറിയിട്ടും ഇതുവരെ പണി പൂർത്തിയായില്ല. താമസിക്കാൻ വേറെ ഇടമില്ലാത്തതിനാൽ തോമസവും കുടുംബവും ഈ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്.
ദിവസങ്ങൾക്കു മുമ്പാണ് തൊട്ടടുത്ത മലയിൽനിന്ന് മണ്ണിടിച്ചിലുണ്ടായതോടെ വീട് അപകടഭീഷണിയിലായത്. ഇതോടെ തോമസും കുടുംബവും ചിറ്റാരിക്കാലിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. ഇപ്പോൾ വീടിന്റെ പിറകുവശത്ത് ജനലോളം പൊക്കത്തിൽ മണ്ണിടിഞ്ഞുവീണ നിലയിലാണ്. എല്ലാ മുറികളിലും അടുക്കളയിലും ചെളിയും മണ്ണും വന്നുനിറഞ്ഞു. ഇതെല്ലാം നീക്കംചെയ്യുമ്പോൾ വീണ്ടും മണ്ണിടിയുമെന്ന ആശങ്കയുമുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണിയും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തോമസിന്റെ അപകടാവസ്ഥയിലുള്ള വീട് സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ടു കണ്ടറിഞ്ഞിരുന്നു. ഇപ്പോൾ താമസിക്കുന്ന ബന്ധുവീട്ടിൽ ദിവസങ്ങളോളം തങ്ങാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അവരുടെ മക്കളും കുടുംബവും അടുത്ത ദിവസം അവധിക്ക് നാട്ടിലെത്താനിരിക്കുകയാണ്. അപകടാവസ്ഥയിലുള്ള വീട്ടിലേക്ക് തത്കാലം തിരിച്ചുപോകാനാവില്ല. ഇനി എവിടേക്ക് പോകണമെന്ന കാര്യത്തിൽ ഇപ്പോഴും തോമസിന് ഒരു ധാരണയുമില്ല.