പ്രതീകാത്മക ചിത്രം
തൊടുപുഴ: ഇടമലക്കുടി പഞ്ചായത്തിനു കഴിഞ്ഞ ആറു മാസമായി ഗ്രാന്റും പ്ലാന്‍ ഫണ്ടും ലഭിക്കാത്തതു മൂലം പ്രവര്‍ത്തനം പ്രതിസന്ധയിലായെന്ന പരാതി അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. ഇടമലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന 12 അങ്കണവാടികളിലെ പോഷകാഹാര വിതരണവും പ്രതിസന്ധിയിലാണ്. മൂന്നാറില്‍നിന്ന് 32 കിലോമീറ്റര്‍ അകലെ കൊടുംവനത്തില്‍ 28 ഉന്നതികള്‍ ഉള്‍പ്പെട്ട പഞ്ചായത്ത് 2010 നവംബര്‍ ഒന്നിനാണ് രൂപീകരിച്ചത്.
ഫണ്ടില്ലാത്തതിനാല്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല.ഇടമലക്കുടിയില്‍ കുടിവെള്ളം, വൈദ്യുതി, ഗതാഗതം, വീട് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ എത്തിക്കുന്നതില്‍ വനംവകുപ്പ് തടസം നില്‍ക്കുന്നുവെന്ന പരാതിയും അന്വേഷിക്കും. കക്കൂസ് നിര്‍മിക്കാന്‍ പോലും വനംവകുപ്പിന്റെ അനുമതിവേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏഴ് ഉന്നതികളില്‍ വെദ്യുതി എത്തിക്കാന്‍ 2021-ല്‍ പഞ്ചായത്ത് ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ കെഎസ്ഇബിയില്‍ അടച്ചിട്ടും ലൈന്‍ വലിച്ചിട്ടില്ല. വനംവകുപ്പിന്റെ എതിര്‍പ്പു മൂലം കരാറുകാരന് ജോലി ഉപേക്ഷിച്ചതായും ആക്ഷേപമുണ്ട്. 7.5 കിലോമീറ്റര്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കാന്‍ 2023ല്‍ പട്ടികവര്‍ഗ വകുപ്പ് 13.7 കോടി അനുവദിച്ചിട്ടും നിര്‍മാണം ആരംഭിച്ചിട്ടില്ല.ഉന്നതികളിലേക്കു മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിക്ക് 4.3 കോടി അനുവദിച്ചതും വെറുതെയായി. രോഗികളെ ചുമന്നുകൊണ്ടുപോകാന്‍ പോലും വഴിയില്ലാത്ത സാഹചര്യമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
എട്ടു കിലോമീറ്റര്‍ ചുമന്നാല്‍ മാത്രമേ രോഗിയെ റോഡില്‍ എത്തിക്കാന്‍ കഴിയൂ. 80 കിലോമീറ്റര്‍ അകലെ അടിമാലിയിലെത്തിയാല്‍ മാത്രമാണ് ചികിത്സ ലഭിക്കുന്നത്. ജില്ലാ കളക്ടര്‍, മുന്നാര്‍ ഡിഎഫ്ഒ, തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. ഓഗസ്റ്റ് ഏഴിനു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എഴുത്തുകാരനായ കെ.പി. സുഭാഷ്ചന്ദ്രന് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Tags : Local News Nattuvishesham Human Rights Commission Idamalakudi tragedy