പ്രതീകാത്മക ചിത്രം
എടത്വ: കുട്ടനാട്ടില്‍ ശുദ്ധജല ക്ഷാമത്തിനായി പൈപ്പ് ലൈന്‍ സ്ഥാപിച്ച റോഡുകളില്‍ പുനര്‍നിര്‍മാണം നടക്കാത്തതിനെതിരേ നല്കിയ ഹര്‍ജിയില്‍ അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍, പ്രവൃത്തി നടത്തിയ കരാരുകാര്‍ എന്നിവരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു.
നാളെ ആലപ്പുഴ റെസ്റ്റ് ഹൗസില്‍ നടത്തുന്ന കമ്മീഷന്റെ സിറ്റിംഗില്‍ പങ്കെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊതുപ്രവര്ത്തകന് ഡോ. ജോണ്സണ് വി. ഇടിക്കുളയാണ് ഹര്‍ജി നല്‍കിയത്.
പൈപ്പ് ലൈന്‍ വലിച്ചതിനുശേഷം റോഡ് പൂര്‍വസ്ഥിതിയില്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ആ വ്യവസ്ഥ പാലിക്കാതെ വന്നതിനാല്‍ റോഡുകള്‍ ചെളിക്കുളമായി മാറിയിരുന്നു.
10 അടി വീതിയുള്ള റോഡിന്റെ ഇരുവശങ്ങളില്‍ ജെസിബി ഉപയോഗിച്ച് കുഴികള്‍ എടുത്തതുമൂലം ടാര്‍ ഇളകി മാറുകയും മഴ വെള്ളം കെട്ടിക്കിടന്ന് കാല്‍നടയായി സഞ്ചരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലുമാണ് പല ഗ്രാമീണ റോഡുകളും കിടക്കുന്നത്.
പലതവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത ചില സ്ഥലങ്ങളില്‍ പ്രദേശവാസികളും സംഘടനകളും റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.
Tags : Nattuvishesham Local News Human Rights Commission