കാസര്‍ഗോഡ്: ദേശീയപാതാ നിര്‍മാണത്തിന് വേണ്ടി നഷ്ടപരിഹാരം നല്‍കുകയോ പുനരധിവാസം ഉറപ്പാക്കുകയോ ചെയ്യാതെ സ്ഥലം ഏറ്റെടുത്തെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ രണ്ടാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ.ബൈജുനാഥ്. ചെമ്മനാട് തെക്കില്‍ ഫെറി സ്വദേശികളായ സി.എം.മിസിരിയ, കെ.കൗലത്ത് എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവ് പോലും മാനിക്കാതെ 2025 മാര്‍ച്ച് 22 ന് സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ കുടിവെള്ള പൈപ്പും ഗേറ്റും മതിലും നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ നിയമാനുസരണമാണ് സ്ഥലം ഏറ്റെടുത്തതെന്ന് ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. വീട് പകുതിയായി ഏറ്റെടുത്താല്‍ താമസിക്കാന്‍ കഴിയില്ലെന്നും മുഴുവനായും ഏറ്റെടുക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ആര്‍ബിട്രേറ്ററായ ജില്ലാ കളക്ടറില്‍ നിന്നും കമ്മീഷന് വിശദീകരണം ചോദിച്ചത്.