പ്രതീകാത്മക ചിത്രം
ഇടുക്കി: ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് ശുദ്ധമായ പാലും പാലുത്പന്നങ്ങളുടെയും ശാസ്ത്രീയ സംഭരണ സംസ്കരണ പ്രക്രിയ പൊതുജനങ്ങള്‍ക്കു നേരിട്ട് കണ്ടു മനസിലാക്കുന്നതിനായി മില്‍മ എറണാകുളം മേഖലാ യൂണിയന് അവസരം. 26നും 27നും രാവിലെ പത്തുമുതല്‍ വൈകുന്നേരം നാലുവരെയാണ് ഡയറി സന്ദര്‍ശത്തിനുള്ള സൗകര്യം എര്‍പ്പെടുത്തിയിട്ടുള്ളത്.
മില്‍മ എറണാകുളം മേഖലാ യൂണിയന്റെ തൃപ്പൂണിത്തുറ, രാമവര്‍മപുരം, വടവാതൂര്‍, കട്ടപ്പന തുടങ്ങിയ ഡയറി പ്ലാന്റുകള്‍ സന്ദര്‍ശിക്കുന്നതിനാണ് പൊതുജനങ്ങള്‍ക്കു സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് ചെയര്മാന് സി.എന്‍. വത്സലന്‍പിള്ള അറിയിച്ചു.
ഡയറി സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ക്ഷീരസഹകരണ രംഗത്തെക്കുറിച്ചും ക്ഷീരോത്പാദനം, സംസ്കരണം, വിപണനം എന്നീ മേഖലയെക്കുറിച്ചും അവബോധം നല്‍കും. പ്ലാന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം ഡയറികളിലെ മില്‍മ പാര്‍ലറുകളില്‍നിന്ന് 29 വരെ ഡിസ്കൗണ്ട് നിരക്കില്‍ മില്‍മ ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. കട്ടപ്പന ഡയറി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9447396859 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
Tags : National Milk Day Milk Day NattuVishesham DistrictNews