ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്.
എല്‍ഡിഎഫ് പയ്യന്നൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
പയ്യന്നൂര്‍: പയ്യന്നൂരിലെ പ്രധാന അക്രമസംഭവങ്ങളിലെ യഥാര്‍ഥ പ്രതികളെ പിടികൂടിയാല്‍ ചിലരുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തെരഞ്ഞെടുപ്പ് കാലത്തും തുടര്‍ന്നും പയ്യന്നൂരിലുണ്ടായ അക്രമസംഭവങ്ങളിലെ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പയ്യന്നൂര്‍ പോലീസിന്റെ പിടിപ്പുകേടാണ് സമീപനാളുകളിലായി വ്യക്തമാകുന്നത്. പിന്നെ ഈ കേസുകളില്‍ കുറച്ചു കമ്യൂണിസ്റ്റുകാരെ പെടുത്തിക്കളയാമെന്ന് കരുതിയാല്‍ അതും ഞങ്ങള്‍ കണ്ടോളാമെന്നേ പറയുന്നുള്ളു. പയ്യന്നൂരില്‍ കെട്ടിപ്പൊക്കിയ നുണക്കോട്ടയുടെ മുകളിലാണ് വി. കുഞ്ഞികൃഷ്ണന് വിജയിച്ചതെന്നും ഇതില്‍ വിശ്വസിച്ചുപോയ ജനങ്ങളെ തെളിവുകള്‍ സഹിതം ബോധ്യപ്പെടുത്തുന്നതിനായാണ് സിപിഎം കോടതിയില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.
വി. ബാലന് അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ ടി.ഐ. മധുസൂദനന്, സി. സത്യപാലന്, പി. സന്തോഷ്, സരിന് ശശി, പി. ശശിധരന്, കെ.വി. ബാബു, കെ.കെ. ജയപ്രകാശ്, ജോസ് മാത്യു, കെ.ഹരിഹര്‍കുമാര്‍, പി. ജയന്, ഒ.ടി. സുജേഷ്, പി.വി. ദാസന്,വി. നാരായണന്, സി. കൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബികെഎം ജംഗ്ഷന് കേന്ദ്രീകരിച്ച് തുടങ്ങിയ മാര്‍ച്ചിനെ പോലീസ് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു.