കണ്ണൂർ: ഇഎസ്എ വിഷയത്തിൽ കർഷകതാത്പര്യം സംരക്ഷിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പഴിചാരൽ നയമാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഇക്കാര്യത്തിൽ മലയോരകർഷകന്റെ താത്പര്യം സംരക്ഷിക്കാൻ ഇരുകൂട്ടരും തയാറായില്ലെങ്കിൽ അവർക്കൊപ്പം ശക്തമായിതന്നെ നിലകൊണ്ട് പ്രക്ഷോഭത്തിനിറങ്ങേണ്ടിവരുമെന്ന് ആർച്ച്ബിഷപ് പറഞ്ഞു. തലശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഎസ്എയുമായി ബന്ധപ്പെട്ട് വലിയ ആശങ്കയിലാണ് മലയോരകർഷകർ. ദീർഘകാലം അവർ സമരം നടത്തി. കാര്യങ്ങൾ എല്ലാവരെയും ബോധ്യപ്പെടുത്തി. എന്നിട്ടും ഫലമില്ല. ആശങ്കയുടെ പാരമ്യതയിലാണ് അവർ. ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിഷൻ പ്രശ്നം ശരിയായി പഠിച്ച് വസ്തുനിഷ്ഠമായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ കേന്ദ്രം പറയുന്നത് കേരളത്തിൽനിന്നുള്ള റിപ്പോർട്ടുകൾ ശരിയല്ലെന്നാണ്.
33 വില്ലേജുകൾ ഉമ്മൻ കമ്മിഷൻ ഒഴിവാക്കാൻ നിർദേശിച്ചത് ഉൾപ്പെടുത്തിയാണ് ഇപ്പോൾ റിപ്പോർട്ട് വന്നിരിക്കുന്നത്. ഇതിനു പരിഹാരം ഉണ്ടായേ പറ്റൂ. കണ്ണൂർ ജില്ലയിൽ മാത്രമല്ല കേരളമാകെ ഇഎസ്എ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രശ്നം വലുതാണ്. ആളുകൾക്ക് കൃഷിഭൂമി വില്ക്കാൻ പറ്റാത്ത അവസ്ഥ. 25 ലക്ഷം ഏക്കറിനു വിലയുണ്ടായിരുന്നിടത്ത് 25000 ത്തിനു പോലും ആർക്കും സ്ഥലം വേണ്ട. ബാങ്ക് വായ്പയും സാധ്യമല്ല. ഇത് അപകടകരമായ സാഹചര്യമാണ്.
എല്ലാം ശരിയാക്കാം എന്നു കേന്ദ്രവും കേരളവും ഭരിക്കുന്നവർ മാറിമാറി പറഞ്ഞിട്ടു കാര്യമില്ല. സത്വര നടപടികളാണ് ആവശ്യം. 33 വില്ലേജുകൾ പൂർണമായും ഒഴിവാക്കണമെന്നതാണ് പ്രധാന ആവശ്യം. കൃഷിഭൂമിയിൽ ഒരേക്കർ പോലും ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തില്ലെന്ന ഉറപ്പുകൾ സർക്കാർ പാലിക്കണം- ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
അടുത്തിടെ മലയോരങ്ങളിലുണ്ടായ പ്രളയക്കെടുതിയുടെ കാര്യത്തിലും സർക്കാർ സത്വര നടപടിക്കു മുതിരുന്നില്ല. തകർന്ന കൃഷിഭൂമികൾ, വീട്, റോഡ് തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ വിചാരിച്ചാൽ മാത്രമേ പരിഹാരം കാണാനാകൂ. ഇതുവരെയും നഷ്ടപരിഹാരത്തിന്റെ കണക്കെടുക്കാൻപോലും കഴിഞ്ഞില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പ്രാഥമിക നഷ്ടപരിഹാരം പോലും ലഭിച്ചില്ലെന്ന് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്-മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി.
Tags : NattuVishesham DistrictNews