നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ പെരുന്പത്തൂർ ആലോടിയിൽ ചുള്ളിക്കൊന്പൻ വീടിന്റെ ഗേറ്റും മതിലും തകർത്തു. നാലകത്ത് ഹൈദരാലിയുടെ വീടിന്റെ മതിലും ഗേറ്റുമാണ് വ്യാഴാഴ്ച പുലർച്ചെ കാട്ടാന തകർത്തത്.
വീട്ടുവളപ്പിലെ കമുക്, വാഴ ഉൾപ്പെടെയുള്ള കൃഷിയും നശിപ്പിച്ചു. വീടിന്റെ മുറ്റത്തെത്തിയ കാട്ടാന ഏറെ നേരം വിടെ നിലയുറപ്പിച്ചു. ആറ് മാസം മുന്പ് ഇതേ ചുള്ളിക്കൊന്പൻ ഹൈദരാലിയുടെ വീടിന്റെ മതിലും ഗേറ്റും തകർത്തിരുന്നു. എന്നാൽ നഷ്ടപരിഹാരം കണക്കാക്കേണ്ട വിഷയത്തിൽ വനംവകുപ്പും പഞ്ചായത്തും തമ്മിലുള്ള തർക്കം മൂലം ഇതുവരെ തുക ലഭിച്ചിട്ടില്ല.
ഇതിനിടയിലാണ് ഹൈദരാലി പുനർനിർമിച്ച വീടിന്റെ മതിലും ഗേറ്റും വീണ്ടും കാട്ടാന ചവിട്ടി തകർത്തത്. കാനകുത്ത് വനമേഖലയിൽനിന്ന് കാഞ്ഞിരപ്പുഴ നീന്തിക്കടന്നാണ് ജനവാസമേഖലയിൽ രാത്രിയോടെ കാട്ടാനകൾ എത്തുന്നത്.
കഴിഞ്ഞ ദിവസം പ്രദേശത്തെ സോളാർ വൈദ്യുത തൂക്കുവേലി തകർത്ത് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ചാലിയാർ പഞ്ചായത്തിലെ മൈലാടി, മണ്ണുപ്പാടം, കോരംക്കോട് ഭാഗങ്ങളിലും കാട്ടാനകൾ മതിൽ തകർത്തിരുന്നു. മഴ ശക്തമായതോടെ കാട്ടാനകൾ വ്യാപകമായി കൃഷിയിടങ്ങളിലേക്ക് എത്തുകയാണ്. മേഖലയിൽ രാത്രിയായാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണെന്ന് പ്രദേശവാസികൾ പറയുന്നു.
Tags : Local News Nattuvishesham Malappuram