പ്രതീകാത്മക ചിത്രം
ഗാന്ധിനഗർ: നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കയറിയ സംഭവത്തിൽ അന്വേഷണ സംഘം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന് റിപ്പോർട്ട് സമർപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് കുട്ടിയുടെ ശരീരത്തിൽ സൂചി കയറാൻ യാതൊരു സാധ്യതയുമില്ലെന്ന റിപ്പോർട്ടാണ് അന്വേഷണ സംഘത്തിലെ പ്രധാനി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രെഡറിക്ക് പോളിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം റിപ്പോർട്ട് സമർപ്പിച്ചത്.
കുട്ടിയുടെ അമ്മയെ പ്രസവത്തിനായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത് മുതൽ കുട്ടിയുണ്ടായതിനു ശേഷം ഡിസ്ചാർജ് ചെയ്യുന്നത് വരെയുള്ള ചികിത്സാ രേഖകൾ അന്വേഷണ സംഘം പരിശോധിച്ചു. കുട്ടിയെ സ്കാനിംഗിന് വിധേയമാക്കിയിരുന്നു. ഇവിടെയൊന്നും ചികിത്സാ പിഴവുകൾ കണ്ടെത്തിയിട്ടില്ല.
കോട്ടയം മെഡിക്കൽ കോളജിലെ എൻഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശരീരത്തിൽ തറച്ചു കയറിയ സൂചിയുടെ വേദന തിന്ന് കുട്ടി ഒരു വർഷം കഴിച്ചുകൂട്ടിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശി വിനീഷ്, ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശിനി അഞ്ജു ദമ്പതികളുടെ മകൾ ഒരു വയസും രണ്ടു മാസവും പ്രായമുള്ള അദ്വികയുടെ ശരീരത്തിൽ നിന്നാണ് സൂചി കണ്ടെത്തി പുറത്തെടുത്തത്.
ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രെഡറിക്ക് പോൾ, സർജറി വിഭാഗം മേധാവി ഡോ. ബിന്നി ജോൺ, ഗൈനക്കോളജി വിഭാഗം മേധാവി ഗിരിജ കുമാരി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.