പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ശുചിത്വ മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പകര്‍ച്ചവ്യാധി ബോധവത്കരണ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട തൈക്കാവ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ നിര്‍വഹിച്ചു. വൈസ് ചെയര്മാൻ എ. സഗീര്‍ അധ്യക്ഷത വഹിച്ചു.
പകര്‍ച്ചവ്യാധി ബോധവല്കരണം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണമെന്ന് മുഖാതിഥിയായി പങ്കെടുത്ത ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ അഭിപ്രായപ്പെട്ടു. ഷിഗെല്ല സ്ഥിരീകരിച്ച എഴിക്കാട് ഉന്നതിയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് പരിശോധന ഉറപ്പാക്കും. പകര്‍ച്ചവ്യാധി ശുചിത്വ കാമ്പെയിനില്‍ മുന്‍നിര പോരാളികളായി വിദ്യാര്‍ഥികള്‍ മാറണമെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ്, ശുചിത്വമിഷന്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ജില്ലയിലെ എല്ലാ സ്കൂളുകളിലും ഷിഗെല്ല രോഗബാധ, ശുചിത്വം, ശരിയായ കൈകഴുകല്‍ ശീലങ്ങള്‍ എന്നിവ സംബന്ധിച്ച് ബോധവല്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. വിദ്യാര്‍ഥികളില്‍ പകര്‍ച്ചവ്യാധി ബോധവല്കരണ സന്ദേശവും ശരിയായ കൈകഴുകല്‍ സംബന്ധിച്ച ബോധവല്കരണവും പകരുകയാണ് ലക്ഷ്യം.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ സജിനി മോഹന്‍, ആശ മോഹന്‍രാജ്, അന്‍സര്‍ മുഹമ്മദ്, അംഗങ്ങളായ എസ്. ഫാത്തിമ, നജീം രാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. രാജേഷ് കുമാര്‍, ശുചിത്വ മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ. എം. വിനീത്, പ്രോഗ്രാം ഓഫീസര്‍ കെ. ആര്. അജയ്, നഗരസഭാ സെക്രട്ടറി ടി. എന്‍. സിനി, സ്കൂള്‍ പ്രിന്‍സിപ്പാൾ എ. ബീന എന്നിവര്‍ പങ്കെടുത്തു. ശുചിത്വമിഷന് ഉദ്യോഗസ്ഥര്‍, റിസോഴ്സ് പേഴ്സണ്‍മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
തിരുവല്ല നഗരസഭയില്‍ കാമ്പെയിന് ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ എസ്. ലേഖ സര്‍ക്കാര്‍ മോഡല്‍ ഹൈസ്കൂളിലെ ചടങ്ങില്‍ നിര്‍വഹിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രതീഷ് ബോധവല്കരണ ക്ലാസ് നയിച്ചു. കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ കാമ്പെയിന് ഉദ്ഘാടനം സര്‍ക്കാര്‍ ഹൈസ്കൂള്‍ പാലയ്ക്കത്തകിടിയില് വൈസ് പ്രസിഡന്റ് പ്രനി നിര്‍വഹിച്ചു.
കോന്നി ഗ്രാമപഞ്ചായത്തിലെ പകര്‍ച്ചവ്യാധി പ്രതിരോധ ദിന പരിപാടി കോന്നി സര്‍ക്കാര്‍ ഹൈസ്കൂളില്‍ വൈസ് പ്രസിഡന്റ്ശോഭ മുരളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഇന്ദുകല, സ്കൂള്‍ പ്രധാനാധ്യാപകന് ഫെബിന്, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജിത എന്നിവര്‍ പങ്കെടുത്തു. ശുചിത്വമിഷന് അസിസ്റ്റന്റ് കോഓർഡിനേറ്റര്‍ പ്രദീപ്, റിസോഴ്സ് പേഴ്സണ്‍ ആതിര ജയകുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
അടൂര്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്കൂളുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്കരണ പരിപാടിക്ക് തുടക്കമായി.അടൂര്‍ സര്‍ക്കാര്‍ യു പി സ്കൂളില്‍ നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ എ. എസ്. പ്രമോദ് ക്ലാസ് നയിച്ചു.
ആറന്മുളയിൽ പ്രതിരോധം ശക്തമാക്കി
ഷിഗെല്ല റിപ്പോർട്ട് ചെയ്ത ആറന്മുളയിൽ രോഗവ്യാപനം തടയാൻ ആറൻമുള ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും രംഗത്തിറങ്ങി.
രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച ആറന്മുള കുറിച്ചി മുട്ടം എഴിക്കാട് ഉന്നതിയിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് വിപുലമായ ബോധവത്കരണ പ്രവർത്തനമാണ് സംഘടിപ്പിച്ചത്.
ജലജന്യ രോഗമായ ഷിഗെല്ല സ്ഥിരീകരിച്ച ദിവസം തന്നെ ഉന്നതിയിലെ വീടുകളിലും കിണറുകളിലും ക്ലോറിനേഷൻ ആരംഭിച്ചിരുന്നു.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമ പഞ്ചായത്തും പൊതുജനങ്ങളും ഒറ്റക്കെട്ടായി നടത്തിയ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ ഫലം കണ്ടതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ പറഞ്ഞു. ആറന്മുളയിൽ നിലവിൽ രണ്ട് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളതെന്ന് മെഡിക്കൽ ഓഫീസർ ഡോ. ഗായത്രി പറഞ്ഞു. ഒരു കുട്ടി നിരീക്ഷണത്തിലുണ്ട്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. രോഗബാധ സ്ഥിരീകരിച്ച ഉടൻ തന്നെ ആരോഗ്യ വകുപ്പ് പ്രത്യേക ടീം രൂപീകരിച്ച് ക്ലോറിനേഷനും ബോധവത്കരണ പ്രവർത്തനങ്ങളും ആരംഭിച്ചതായും, മെഡിക്കൽ ഓഫീസർ പറഞ്ഞു.
രോഗബാധ കണ്ടെത്തിയതിന് തൊടുത്ത ദിവസം മുതൽ കുറിച്ചി മുട്ടം പിഎച്ച് ലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വീടുകളിൽ എത്തി രോഗബാധ ഉള്ളതായി സംശയിച്ച കുട്ടികളെ കണ്ടെത്തി.
ആശുപത്രിയിലെക്ക് മാറ്റിയത് രോഗം വ്യാപിക്കുന്നതു തടയാൻ ഏറെ സഹായകമായതായി ഹെൽത്ത് സൂപ്പർവൈസറായ സതീഷ് പറഞ്ഞു.