സിവില്‍ സപ്ലൈസ് , ലീഗല്‍ മെട്രോളജി, പോലീസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ കട്ടപ്പനയിലെ സിനിമാ തിയേറ്ററുകളില്‍ നടത്തിയ പരിശോധന.
ഇടുക്കി: തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയിന്മേല് സംസ്ഥാന വ്യാപകമായി സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ലീഗല്‍ മെട്രോളജി, പൊലിസ് എന്നിവയുടെ സഹകരണത്തോടെ കട്ടപ്പന നഗരസഭയിലെ സിനിമാ തിയേറ്ററുകളില്‍ പരിശോധന നടത്തി.
ഉത്പന്നങ്ങളുടെ അളവും തൂക്കവും കൃത്യമായി രേഖപ്പെടുത്താതെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചതിനും പഞ്ചായത്ത്, മുനിസിപ്പാലിറ്റി ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതിനും ബില്ല് കൊടുക്കാതെ വില്പന നടത്തിയതിനും സിവില്‍ സപ്ലൈസ് വകുപ്പ് നോട്ടീസ് നല്കി.
അളവില്‍ കുറച്ച് കാപ്പി വില്പന നടത്തിയ തിയറ്ററിന്റെ പേരില്‍ ലീഗല്‍ മെട്രോളജി വകുപ്പ് കേസ് എടുത്ത് പിഴ ഈടാക്കി.
ജില്ലാ സപ്ലൈ ഓഫീസര്‍ ജി. ബീന ഭദ്രന്, താലൂക്ക് സപ്ലൈ ഓഫീസര്‍ സജിമോന്‍ ജേക്കബ്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ കെ.എ. അബ്ദുളള, പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുനില്‍ മാത്യു എന്നിവര്‍ നേതൃത്വം നല്കി.
Tags : District News Nattuvishesham Inspections movie theaters