പ്രതീകാത്മക ചിത്രം
കോഴിക്കോട്: 18-ാമത് സില്‍വര്‍ ഹില്‍സ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് മത്സരങ്ങള്‍ മൂന്നിന് ആരംഭിക്കും. രാവിലെ 11ന് ജുഡീഷല്‍ മെംബറും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ആക്ടിംഗ് ചെയര്‍പേഴ്സണുമായ കെ. ബൈജുനാഥ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
സിഎംഐ സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിഷ്യാൾ ഫാ. ഡോ. ബിജു ജോണ്‍ വെള്ളക്കട സിഎംഐ അധ്യക്ഷത വഹിക്കും. കേരളാ ബാസ്കറ്റ്ബോള്‍ അസോസിയേഷന് ലൈഫ് ടൈം പ്രസിഡന്റ് പി.ജെ. സണ്ണി, കോഴിക്കോട് ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം നടക്കുന്ന ആദ്യമത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ്, കോഴിക്കോട് ഡോണ്‍ ബോസ്കോ ഇരിഞ്ഞാലക്കുടയെ നേരിടും.
സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാന് ദൗത്യത്തെ പിന്തുണച്ചുകൊണ്ട് "പൊരുതിക്കളിക്കൂ, ലഹരിയോട് വിടപറയൂ' എന്നതാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് സന്ദേശം. ദക്ഷിണേന്ത്യയില്‍ നിന്നുള്ള 26 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
ആൺകുട്ടികളുടെ വിഭാഗത്തില്‍ 17 സ്കൂളുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്‍പത് സ്കൂളുകളും മത്സരിക്കും. ആറിന് ഫൈനല്‍ മത്സരങ്ങള്‍ നടക്കും. മെഡിക്കല്‍ കോളജ് സബ് ഡിവിഷന് അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ പി. പ്രമോദ് സമ്മാനദാനം നിര്‍വഹിക്കും.