അറസ്റ്റിലായ പ്രതികൾ
ചേര്‍ത്തല: എട്ടുവർഷം മുമ്പ് ചേർത്തലയിലെ ബാറിൽവച്ച് ബിയർകുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നു പ്രതികളെ പഞ്ചിമബംഗാൾ അതിർത്തികളിൽ സഞ്ചരിച്ച് സിലിഗുരി കോരിഡോർ എന്നറിയപ്പെടുന്ന ചിക്കൻ നെക്കിലും ബീർപാറ പ്രദേശങ്ങളിൽനിന്നും ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തു.
വെസ്റ്റ് ബംഗാൾ ലങ്കാപുര ഹട്ട് ടീ ഗാർഡൻ സ്വാദേശി ബിക്റാം (29), തൽസിപാരാ ടി ഗാർഡൻ സ്വദേശി ആഷിക് ഒറാൻ (33), സാരവൻ ഒറാൻ (27) എന്നിവരെയാണ് ചേർത്തല പോലീസ് ദിവസങ്ങളോളം സഞ്ചരിച്ച് പശ്ചിമബംഗാളിലെ ചിക്കൻ നെക്കിൽനിന്ന് അറസ്റ്റ് ചെയ്തത്.
ചേർത്തലയിലെ സ്വകാര്യ ഹോട്ടിൽ ജോലി ചെയ്യുന്നതിനിടെ 2018 ഓഗസ്റ്റ് ഏഴിന് ബാറിൽ മദ്യപിക്കാനെത്തിയ നാലാംഗസംഘം വാക്കുതർക്കത്തെത്തുടർന്ന് മായിത്തറ സ്വദേശി ഹരികുമാറിനെ (39) ബിയർ കുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ചത്. വയറിൽ കുത്തേറ്റ പരിക്ക് ഗുരുതരമായതിനെത്തുടർന്ന് ഹരികുമാറിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.
കൊലപാതകശ്രമം ഉൾപ്പെടെ കേസെടുത്ത ചേർത്തല പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികൾ പിന്നീട് നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ചേർത്തല സ്റ്റേഷൻ ഓഫീസർ ഹേമന്ത് കുമാറിന്റെ നിർദേശത്തെത്തുടർന്ന് ജൂൺ 22 നാണ് ചേർത്തല സ്റ്റേഷനിലെ എഎസ്ഐ രതീഷ് ഗോപകുമാർ, സിപിഒ ഷിനു എന്നിവർ പഞ്ചിമബംഗാളിലേക്ക് യാത്ര തിരിച്ചത്.
ഇന്ത്യൻ അതിർത്തി ഗ്രാമമായ ചിക്കൻനെക്കിലെത്തിയ പോലീസുകാര്‍ക്ക് കോഴിക്കോട് സ്വദേശിയും പശ്ചിമബംഗാൾ ഇന്റലിജൻസ് ബ്യൂറോ ഡിഐജിയുമായ അമർനാഥിന്റെ സഹായം ലഭിച്ചതോടെ പ്രതികളുടെ താമസസ്ഥലം കണ്ടെത്താൻ കഴിഞ്ഞു. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ മൂവരെയും പിടികൂടി ട്രെയിൻ മാർഗം ചേർത്തലയിൽ എത്തിച്ചു.
കേസിൽ ഇനിയും പിടികൂടാനുള്ള പശ്ചിമബംഗാൾ സ്വദേശി ബീഫിയ ഖാരിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. പിടികൂടിയ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : Local News Nattuvishesham Interstate workers missing on bail arrested