പ്രതീകാത്മക ചിത്രം
കുമളി: ചക്കുപള്ളം ആറാംമൈലില്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വീട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. ആറാംമൈല്‍ തെക്കേപ്പറമ്പില്‍ ടി.എം. ഏബ്രഹാമിന്റെ വീട്ടിലാണ് മുഖംമൂടി സംഘം എത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. വീടിന്റെ മതില് ചാടിക്കടന്ന സംഘം കോളിംഗ് ബെല്‍ മുഴക്കി. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ കതകു തുറക്കാന്‍ സംഘം ആവശ്യപ്പെട്ടു.
വീട്ടുകാര്‍ ജനലിലൂടെ നോക്കിയപ്പോള്‍ മുഖംമൂടി ധരിച്ച രണ്ടു പേരും ഒരാള്‍ ഹെല്‍മറ്റ് ധരിച്ച് നില്‍ക്കുന്നതായും കണ്ടു. തുടര്‍ന്ന് ഇവര്‍ കതകു തുറക്കാതെ ഒച്ചവച്ചതോടെ മൂന്നു പേരും സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ഉടന്‍തന്നെ കുമളി പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍, സംഘാംഗങ്ങളെ കണ്ടെത്താനായില്ല. രാവിലെ വീണ്ടും സ്ഥലത്തെത്തിയ പോലീസ് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍, ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലാത്തതിനാല്‍ സംഘത്തിലെ ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഒരു വാഹനം കടന്നുപോകുന്നതു മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. സംഭവത്തില്‍ കുമളി പോലീസ് അന്വേഷണം ആരംഭിച്ചു..
Tags : attack NattuVishasham DistrictNews