ചെമ്പേരി: ഇരിക്കൂർ നിയോജകമണ്ഡല പരിധിയിൽ നടപ്പാക്കി വരുന്ന ജൽജീവൻ മിഷൻ പദ്ധതി പ്രവൃത്തികളുടെ അവലോകനം സജീവ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ഏരുവേശി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. ഇതോടൊപ്പം പുറഞ്ഞാൺ മുതൽ പയ്യാവൂർ വരെ പൂർത്തീകരിക്കപ്പെടാത്ത മലയോര ഹൈവേയുടെ നവീകരണം, വിവിധ റോഡുകളിൽ നടത്തിവരുന്ന നിർമാണ പ്രവൃത്തികളുടെ പുരോഗതി, ചെമ്പേരിയിൽ നടപ്പാക്കുന്ന ടൗൺ സൗന്ദര്യവത്കരണം എന്നിവയും വിലയിരുത്തി.
ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തികൾക്കായി ടാറിംഗ് തകർത്ത് കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിൽ പുനസ്ഥാപിക്കുന്ന പ്രവൃത്തി ഉടൻ തന്നെ പൂർത്തിയാക്കുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവർ യോഗത്തിൽ ഉറപ്പുനൽകി.
കിഫ്ബി മുഖേന നടപ്പാക്കാൻ പ്രവർത്തനാനുമതി ലഭിച്ച മലയോര ഹൈവേയുടെ പുറഞ്ഞാൺ മുതൽ പയ്യാവൂർ വരെയുള്ള ഭാഗത്ത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സർവേ നടപടികൾ പൂർത്തിയാക്കി സാമ്പത്തികാനുമതി ലഭിച്ചാലുടൻതന്നെ നവീകരണ പ്രവൃത്തി ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഏരുവേശി, പയ്യാവൂർ, ഉളിക്കൽ, നടുവിൽ, ഉദയഗിരി എന്നീ പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ഏരുവേശി പഞ്ചായത്തിലെ വാർഡ് അംഗങ്ങൾ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം ടെസി ഇമ്മാനുവൽ, വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ, പിഡബ്ള്യുഡി, ജൽജീവൻ മിഷൻ എന്നിവയുടെ എൻജിനിയർമാർ, കിഫ്ബി ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കെവിവിഇഎസ് ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് സാബു മണിമല, ഏരുവേശി പഞ്ചായത്ത് പരിധിയിലെ വിവിധ സന്നദ്ധസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Tags : nattu vishesham Jaljeevan Mission