ചേര്‍ത്തല: ചേര്‍ത്തല നഗരസഭയിലും തണ്ണീര്‍മുക്കം പഞ്ചായത്തിലും ജപ്പാന്‍ജ്വരം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അടിയന്തരയോഗം ഇന്നു ചേരും. തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡില്‍ നാലരവയസുകാരനും നഗരസഭയില്‍ 23-ാം വാര്‍ഡില്‍ 80 വയസുകാരിക്കുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
നിലവില്‍ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് വിലയിരുത്തല്‍. രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ചേര്‍ത്തല നഗരസഭയില്‍ രോഗബാധയുണ്ടായ പ്രദേശത്തും പരിസരത്തും കൊതുകുനിര്മാര്ജനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. നഗരസഭാ ചെയര്മാന് എസ്. സോബിന്റെ സാന്നിധ്യത്തില്‍ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പധികൃരുടെയടക്കം യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. കൊതുകുകള്‍ വളരുന്ന സാഹചര്യമൊഴിവാക്കാനാണ് പരിശ്രമം.
തണ്ണീര്‍മുക്കം പഞ്ചായത്തില്‍ അടിയന്തര അവലോകനയോഗം ചേര്‍ന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നന് അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ജയന്തി, ഡോ. മനു മഹീധരന്‍, വൈസ് പ്രസിഡന്റ് ലിജി, സെക്രട്ടറി സുരേഷ്കുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി. സുമേഷ്, പ്രവീണ്‍ ജി. പണിക്കര്‍, യമുന, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഹരിലാല്‍, പഞ്ചായത്തംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജപ്പാന് ജ്വരത്തിന്റെയും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെയും സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പ്രതിരോധം ശക്തമാക്കുന്നതിനുമായി നിയുക്ത എംഎല്‍എ പി. പ്രസാദ് ഇന്ന് അടിയന്തര യോഗം വിളിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തലവന്മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗമാണ് വിളിച്ചത്. 14ന് രാവിലെ പത്തിന് എന്‍എസ്എസ് യൂണിയന് ഹാളില്‍ പി. പ്രസാദിന്റെ സാന്നിധ്യത്തില്‍ കൂടുന്ന യോഗത്തില്‍ പ്രതിരോധം ശക്തമാക്കാനുള്ള തീരൂമാനങ്ങളെടുക്കും.
Tags : nattu vishesham Japanese encephalitis Cherthala and Tannirmukka