പൊടിശല്യം രൂക്ഷമായ കല്ലൂർക്കാട് ടൗൺ
കല്ലൂർക്കാട്: കല്ലൂർക്കാട് ടൗണിൽ പൊടിശല്യം രൂക്ഷമാകുന്നതായി പരാതി. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡരികിൽ കുഴിയെടുത്ത് മൂടുന്ന നിർമാണ പ്രവർത്തികൾ കഴിഞ്ഞ രണ്ടാഴ്ചയായി ടൗണിൽ നടത്തുകയാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പുവരെ ഇടയ്ക്കിടെ മഴയുണ്ടായിരുന്നതിനാൽ പൊടിശല്യം രൂക്ഷമായിരുന്നില്ല.എന്നാൽ ഇപ്പോൾ വ്യാപാര സ്ഥാപനങ്ങളിൽ പൊടിശല്യം രൂക്ഷമായതായാണ് പരാതി ഉയർന്നിട്ടുള്ളത്.
പകൽ സമയത്ത് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്ന ഇടപാടുകാരേയും തടസപ്പെടുത്തുകയാണ്. ജെസിബി ഉപയോഗിച്ച് റോഡിന്റെ വശം കുഴിക്കുന്നത് മൂലം കച്ചവട സ്ഥാപനങ്ങളിലേക്കുള്ള വഴി തടസപ്പെടുകയാണ്.
വലിയ തോതിൽ ഉയരുന്ന പൊടിപടലങ്ങൾ വ്യാപാരശാലകൾക്ക് കനത്ത ഭീഷണി ഉയർത്തുകയാണ്. ഭക്ഷണ വിതരണ ശാലകൾക്കും തുണിക്കടകൾക്കും മറ്റും ഏറെ ദുരിതമാണ് വരുത്തുന്നത്.
വാഹനങ്ങൾ കടന്നുപോകുമ്പോഴും സമീപത്തെ കടകളിലേക്ക് വൻതോതിൽ പൊടി കയറുന്നത് കച്ചവടത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. വ്യാപാരശാലകൾ അടച്ചിടേണ്ട ദുരവസ്ഥയും ഉടമകൾക്കുണ്ടായിട്ടുണ്ട്.
പൈപ്പ് സ്ഥാപിക്കലുമായി ബന്ധപ്പെട്ട തുടർന്നുള്ള ജോലികൾ വ്യാപാര സ്ഥാപനങ്ങൾക്കു തടസമാകാതെ ഞായറാഴ്ചകളിലോ രാത്രി സമയങ്ങളിലോ മാത്രം പൂർത്തിയാക്കണമെന്ന് അധികൃതരോട് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
പൊടിശല്യം ലഘൂകരിക്കുന്നതിനായി മതിയായ വിധത്തിൽ നനയ്ക്കണമെന്നും റോഡിന്റെ വശങ്ങൾ അടിയന്തരമായി ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജല വിഭവ വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
വ്യാപാരികൾക്ക് തീരാദുരിതം
കുടിവെള്ള പൈപ്പ് സ്ഥാപിക്കൽ അത്യാവശ്യമാണ്. ഒപ്പം വ്യാപാര സ്ഥാപനങ്ങൾക്ക് ദുരിതമുണ്ടാകാനും പാടില്ല. കല്ലൂർക്കാട് ടൗണിലെ റോഡരികു കുഴിച്ച് പൈപ്പു സ്ഥാപിക്കുന്ന നടപടി വ്യാപാര സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
പൊതുവേ കച്ചവടം കുറവാണ്. അതിനിടയിലെ പൊടിശല്യം ആളുകളെ കടകളിൽ നിന്ന് അകറ്റുന്നു. വ്യാപാര വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. സ്ഥാപനങ്ങളിലുള്ളവർക്ക് പൊടിശല്യം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
ഞായറാഴ്ചകളിലോ രാത്രി സമയത്തോ നിർമാണ ജോലികൾ നടത്തുക, മണ്ണ് ഇളക്കിയ ഭാഗങ്ങൾ മതിയായ അളവിൽ നനയ്ക്കുക, പൈപ്പു സ്ഥാപിച്ച ഭാഗങ്ങളിൽ ഉടൻ തന്നെ ടാറിംഗ് നടത്തുക എന്നിവയാണ് പോംവഴി.
ജോയി തോമസ്, പ്രസിഡന്റ്, മർച്ചന്റ്സ് അസോസിയേഷൻ കല്ലൂർക്കാട്.
Tags : Kallurkad town NattuVishasham DistrictNews