ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജംഗ്ഷനിലെ തകർന്ന റോഡ്.
കല്ലുതെറിച്ചു പരിക്കേൽക്കുന്നതും പതിവ്...
ഇരിങ്ങാലക്കുട: നഗരത്തിലെ പ്രധാന ഗതാഗത മേഖലയായ ക്രൈസ്റ്റ് കോളജ് ജംഗ്ഷൻ റോഡ് തകർന്നു. ഉപരിതലത്തിലെ മെറ്റലുകൾ ഇളകിത്തെറിച്ചു പലയിടങ്ങളിലും കുഴികൾ നിറഞ്ഞു. മാപ്രാണം ഭാഗത്തുനിന്നു സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഈ വഴിയെത്തുന്നത്. വാഹനങ്ങൾ കടന്നു പോകുന്പോൾ കല്ലുകൾ തെറിച്ച് ഇരുചക്ര വാഹന യാത്രക്കാർക്കടക്കം പരിക്കേൽക്കുന്നതും പതിവ്. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്ന സമയത്ത് ആഴം തിരിച്ചറിയാനും കഴിയില്ല.
ക്രൈസ്റ്റ് കോളജ്, ക്രൈസ്റ്റ് വിദ്യാനികേതൻ, ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും പ്രതിദിനം നിരവധിയാളുകൾ എത്തുന്ന മേഖലയാണിത്. ദൈനംദിന യാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടാണ് ഇതുണ്ടാക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു.
കുഴികളിൽ മെറ്റൽനിറച്ച് താത്കാലികമായി അടയ്ക്കുന്നതിനു പകരം, തകർച്ചയുടെ കാരണം കണ്ടെത്തി ശാസ്ത്രീയ രീതിയിൽ റോഡ് പുനർ നിർമിക്കണമെന്നാണ് ആവശ്യം. മഴക്കാലത്തു ഡ്രെയിനേജ് സംവിധാനം ഉറപ്പാക്കുകയും റോഡിന്റെ ഉപരിതലം പുനർനിർമിക്കുകയുമാണു പരിഹാരം. അല്ലാത്തപക്ഷം, ഓരോ മഴയ്ക്കും റോഡിന്റെ തകർച്ച കൂടുതൽ രൂക്ഷമാകും.
ഈ അനാസ്ഥ മനുഷ്യജീവന് വിലയില്ലെന്നതിന്റെ തെളിവ്
രണ്ടു വർഷമായി തകർന്നുകിടക്കുന്ന ക്രൈസ്റ്റ് കോളജ് റോഡ് അനാസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ഫയർ സ്റ്റേഷനിൽനിന്ന് എപ്പോഴും ഫയർ എൻജിനുകൾ കടന്നുവരുന്ന ഈ വഴി ഇത്ര ദുർഘടമായിരിക്കുന്നത് അധികൃതർ ജീവന് എന്തുമാത്രം വിലകൽപ്പിക്കുന്നു എന്നതിനു തെളിവാണ്.
നിരവധി അപകടങ്ങൾക്കു കാരണമായിരിക്കുകയാണ് ഈ റോഡ്. റോഡിലെ കുഴികൾ നികത്താതെ ആ കുഴികളിൽ ഇടക്കിടെ ക്വാറി വേസ്റ്റ് ഇടുന്നത് റോഡ് കൂടുതൽ ഇടിയുന്നതിനും ക്വാറി വേസ്റ്റിലെ കല്ലുകൾ തെറിച്ച് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്.
വേനൽക്കാലത്ത് ടാർ ചെയ്യാതെ കാലവർഷമാകുന്പോൾ വലിയ തുകയ്ക്കു കരാറുകാർക്ക് കോണ്ക്രീറ്റ് റോഡുകൾ നിർമിക്കുന്നതിന് അവസരം ഒരുക്കുന്ന നിലപാടാണ് അധികാരികൾ സ്വീകരിക്കുന്നത്.
തോംസണ് ചിരിയങ്കണ്ടത്ത് -ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി
അധികാരികൾ കണ്ണുതുറക്കണം
ഇരിങ്ങാലക്കുടയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ ക്രൈസ്റ്റ് കോളജ് റോഡിന്റെ ഇന്നത്തെ അവസ്ഥ അതീവ ദയനീയമാണ്. ദിവസേന നൂറുകണക്കിനു വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പൊതുജനങ്ങളും സഞ്ചരിക്കുന്ന റോഡ് ഇത്രകാലം അവഗണിക്കപ്പെട്ടത് അംഗീകരിക്കാനാവില്ല. ഈ റോഡിൽ കുഴികളും പൊടിയും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുംമൂലം യാത്രക്കാരുടെ ദുരിതം മാത്രമാണു കാണാൻ കഴിയുന്നത്. വിദ്യാർഥികളാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇരുചക്രവാഹനയാത്രക്കാർക്കും അതീവ ബുദ്ധിമുട്ടാണ്.
മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്പോൾ ആഴം പോലും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ്. പരാതി വന്നാൽ പരിശോധിക്കാം, പിന്നീട് നോക്കാം എന്ന രീതിയിലുള്ള സമീപനം ഇനി മതിയാകില്ല. ജനങ്ങൾ നികുതി അടയ്ക്കുന്നതു റോഡിൽ സുരക്ഷിതമായി സഞ്ചരിക്കാനാണ്. നഗരസഭയിലെ തകർന്നു കിടക്കുന്ന മുഴുവൻ റോഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ ശരിയാക്കേണ്ടതുണ്ട്.
സി.സി. ഷിബിൻ, നഗരസഭ കൗണ്സിലർ