കണിയാന്പറ്റ പഞ്ചായത്തിലെ മുളപറന്പത്ത് കനാൽ പ്രദേശം
കൽപ്പറ്റ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കണിയാന്പറ്റ പഞ്ചായത്തിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെ എവർ ഷൈൻ കണിയാന്പറ്റ 2030 പദ്ധതിക്ക് തുടക്കമാകുന്നു. അടുത്ത അഞ്ച് വർഷത്തിനകം പഞ്ചായത്തിലെ കല്ലഞ്ചിറ ചെക് ഡാം, മുളപറന്പത്ത് കനാൽ, പനങ്കണ്ടി പൊതുനീന്തൽക്കുളം, താഴെ വരദൂരിൽ കുട്ടികളുടെ ഹാപ്പിനസ് പാർക്ക്, ചിറ്റൂർ ട്രൈബ്സ് മ്യൂസിയം, അന്പലക്കുന്നിൽ വിത്ത് സംഭരണ സംസ്കരണ കേന്ദ്രം, വയനാട് കോഫി പദ്ധതി, ചീക്കല്ലൂരിൽ എയർ സ്ട്രിപ്പ് തുടങ്ങി ഒന്പത് പ്രധാന സ്ഥലങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി വികസിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം.
വിനോദസഞ്ചാരം, കാർഷികം, പൈതൃക സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, വ്യോമഗതാഗതം തുടങ്ങിയ മേഖലകളെ ബന്ധിപ്പിച്ച് പദ്ധതികൾ നടപ്പാക്കുമെന്ന് കണിയാന്പറ്റ പഞ്ചായത്ത് പ്രസിഡന്റ് വി.വി. യൂസഫ് പറഞ്ഞു. കല്ലഞ്ചിറ ചെക്ക് ഡാമിനെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുകയാണ് പ്രധാന പദ്ധതി. ബോട്ടിംഗ്, കയാക്കിംഗ് സൗകര്യങ്ങൾക്കൊപ്പം സായാഹ്ന സഞ്ചാരത്തിന് ഉതകുന്ന നടപ്പാതകൾ, ഇരിപ്പിടങ്ങൾ, കുട്ടികളുടെ പാർക്ക് എന്നിവയും ഒരുക്കും.
മുളപറന്പത്ത് കനാൽ പ്രദേശത്ത് കുട്ടികളുടെ പാർക്ക്, ഓപ്പണ് ജിം എന്നിവ സ്ഥാപിക്കും. നടപ്പാതകൾ, വിശ്രമ ബെഞ്ചുകൾ, പൂന്തോട്ടങ്ങൾ, തണൽമരങ്ങൾ, സോളാർ ലൈറ്റുകൾ എന്നിവ ഒരുക്കി പ്രദേശം വിനോദത്തിനും വ്യായാമത്തിനും അനുയോജ്യമാക്കും. പനങ്കണ്ടിയിലെ പൊതുനീന്തൽക്കുളം സൗന്ദര്യവത്കരിക്കും. കുട്ടികൾക്കും യുവാക്കൾക്കും നീന്തൽ പരിശീലനത്തിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം കഫറ്റീരിയ ഉൾപ്പെടെയുള്ള സംരംഭങ്ങളിലൂടെ പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നുണ്ട്.
കാവടം - ചീക്കല്ലൂർ അപ്രോച് റോഡ് നവീകരിച്ച് യാത്രാസൗകര്യം മെച്ചപ്പെടുത്തും. റോഡ് വീതികൂട്ടൽ, ഇന്റർലോക്ക് പാകൽ, നടപ്പാതകൾ, വിശ്രമ ബെഞ്ചുകൾ, സോളാർ തെരുവുവിളക്കുകൾ, തണൽമരങ്ങളും പൂച്ചെടികളും നട്ടുപിടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിലുൾപ്പെടുത്തി താഴെ വരദൂരിൽ കുട്ടികൾക്കായി ഹാപ്പിനസ് പാർക്ക് സജ്ജീകരിച്ച് ആധുനിക കളിയുപകരണങ്ങൾ, സുരക്ഷിതമായ കളിസ്ഥലം, കലാവേദി, പൂന്തോട്ടം, നടപ്പാതകൾ, കുടിവെള്ളം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ പാർക്കിൽ ഒരുക്കും. ജില്ലയുടെ ഗോത്ര പൈതൃകവും തനത് സംസ്കാരവും സംരക്ഷിച്ച് പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താൻ ചിറ്റൂർ ട്രൈബ്സ് മ്യൂസിയം വികസിപ്പിക്കും. ഗോത്രവർഗ കലകൾ, പരന്പരാഗത വാദ്യോപകരണങ്ങൾ എന്നിവ പരിചയപ്പെടുത്തുകയാണ് മ്യൂസിയത്തിലൂടെ ലക്ഷ്യമാക്കുന്നത്.
കർഷകർക്ക് ഗുണമേൻമയുള്ള വിത്ത്, തൈ എന്നിവ ലഭ്യമാക്കുന്നതിന് അന്പലക്കുന്നിൽ വിത്ത് സംഭരണ സംസ്കരണ കേന്ദ്രം വികസിപ്പിക്കും.
തൊണ്ടി, രക്തശാലി, ഗന്ധകശാലി തുടങ്ങിയ പരന്പരാഗത നെൽവിത്തുകൾ സംരക്ഷിക്കാൻ വിത്തുകൾ ശാസ്ത്രീയമായി സംഭരിച്ച് ഗുണനിലവാരം ഉറപ്പാക്കൻ പദ്ധതി ലക്ഷ്യമിടുന്നു. കാർഷിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വയനാടൻ കാപ്പിയുടെ വിപണിമൂല്യം വർധിപ്പിച്ച് കർഷകരുടെ വരുമാനം മെച്ചപ്പെടുത്താൻ വയനാട് കോഫി പദ്ധതിയിലൂടെ സാധ്യതകൾ ഒരുക്കും. ജില്ലയുടെ വ്യോമഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ചീക്കല്ലൂരിൽ എയർ സ്ട്രിപ്പും വികസിപ്പിക്കും.
വിനോദ സഞ്ചാരത്തിന് കൂടുതൽ സാധ്യതകൾ തുറക്കുന്നതിനൊപ്പം പ്രകൃതി ദുരന്തങ്ങളിലും ആരോഗ്യ അടിയന്തര സാഹചര്യങ്ങളിലും എയർ ആംബുലൻസ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയ്ക്കും സൗകര്യം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ കണിയാന്പറ്റയുടെ വിനോദസഞ്ചാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനും പ്രദേശത്തിന്റെ ആകർഷണീയത വർധിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
Tags :