മേലൂർ ഗ്രാമപഞ്ചായത്തിലെ ശാന്തിപുരം ചെക്ക്ഡാം റോഡിൽ പ്രവർത്തിക്കുന്ന ഓയിൽമില്ലിലെ യന്ത്രങ്ങളും മറ്റും കത്തിയമർന്നനിലയിൽ.
മേലൂർ: ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡ് ശാന്തിപുരം ചെക്ക്ഡാം റോഡിൽ പ്രവർത്തിക്കുന്ന ഓയിൽ മില്ലിന് തീപ്പിടിച്ച് യന്ത്രസാമഗ്രികളും വെളിച്ചെണ്ണയും കത്തിനശിച്ചു. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ സ്റ്റെഫി നെറ്റിക്കാടൻ പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയിലാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നത്.
സ്റ്റെഫി നെറ്റിക്കാടൻ നടത്തുന്ന എസ്വിഎൻ ഓയിൽ ആൻഡ് ഫ്ലവർ മില്ലിലെ എണ്ണയാട്ട് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയുമാണ് തീപ്പിടിത്തത്തിൽ കത്തിനശിച്ചത്. ഇന്നലെ രാവിലെ മിൽ തുറക്കാനെത്തിയപ്പോഴാണ് തീപ്പിടിത്തത്തെക്കുറിച്ച് സ്റ്റെഫി അറിയുന്നത്. അപ്പോഴേക്കും മില്ലിലെ ഉപകരണങ്ങളും എണ്ണയും കത്തിയമർന്നിരുന്നു.
സ്റ്റെഫിയുടെ ഇളയപ്പനായ ജോയി നെറ്റിക്കാടൻ നടത്തിയിരുന്ന മിൽ ഏതാനും വർഷം മുമ്പാണ് സ്റ്റെഫി ഏറ്റെടുത്ത് നടത്തിത്തുടങ്ങിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിവരമറിഞ്ഞ് വാർഡ് മെമ്പർ എം.എസ്. ബിജുവും പ്രദേശവാസികളും സ്ഥലത്തെത്തി. സംഭവത്തിൽ സ്റ്റെഫി കൊരട്ടി പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
Tags :