കരുമാലൂർ: കുന്നുകര, കരുമാലൂർ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന കുടിവെള്ള പദ്ധതി 2027 മാർച്ചിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ്. പദ്ധതിയുടെ നിർമാണ പുരോഗതി മന്ത്രി സ്ഥലം സന്ദർശിച്ച് വിലയിരുത്തി. പദ്ധതിയുടെ അടങ്കൽ തുക 51.30 കോടിയാണ്.
പദ്ധതിയുടെ പ്രധാന ഭാഗമായ മലായിക്കുന്ന് ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുകയാണ്. രണ്ട് പഞ്ചായത്തുകളിലായി 10 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന പൈപ്പ് ലൈനിന്റെ നിർമാണം ഉടൻ ആരംഭിക്കും. കുന്നുകരയിലെ തടിക്കക്കടവ് പാലത്തിന് സമീപമുള്ള കായാട് ഡാം കടവിൽ പുതിയ പമ്പ് ഹൗസ്, പുതിയ പമ്പ് സെറ്റുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവയും സമയബന്ധിതമായി സ്ഥാപിക്കും.
പദ്ധതി ശേഷി 9 എംഎൽഡിയിൽ നിന്ന് 20 എംഎൽഡി ആയി ഉയർത്തിയിരുന്നു. 2021 ന് ശേഷമാണ് പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കലും മറ്റ് പ്രധാന നടപടികളും പൂർത്തിയാക്കിയത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൽ.എ. മോഹനൻ, എ.സി. ജയകുമാർ, രുദ്രാക്ഷി മാധവൻ, ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.
Tags : nattu vishesham drinking water Minister P. Rajeev