മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മ നിർമിച്ച വീടിന്റെ വെഞ്ചിരിപ്പ് കർമം മഞ്ഞക്കടവ് ഇടവക വികാരി ഫാ. ജോജോ ഇടക്കാട്ടിൽ നിർവഹിക്കുന്നു.
കൂടരഞ്ഞി: മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മ കാഴ്ച പരിമിതിയുള്ള പെരുംമ്പൂള സ്വദേശി ബൈജുവിന് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. താക്കോൽ കൈമാറ്റ ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈമ്പള്ളി അധ്യക്ഷത വഹിച്ചു.
ചക്കാലക്കൽ പത്രോസ് വർക്കി, സി.പി. ബേബി എന്നിവർ സൗജന്യമായി നൽകിയ സ്ഥലത്ത് പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് പണി ആരംഭിച്ചുവെങ്കിലും പണി പൂർത്തീകരിക്കാൻ സാധിക്കാതെ വന്നതോടെ മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മ വീടുപണി ഏറ്റെടുക്കുകയായിരുന്നു.
വാർഡ് അംഗം തോമസ് മാത്യു, മഞ്ഞക്കടവ് ഇടവക വികാരി ഫാ. ജോജോ ഇടക്കാട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ ആദർശ് ജോസഫ്, റോയ് ആക്കേൽ, ഷീബ റോയ്, എം.കെ. സജയ്, ബോബി ഇടപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
അനീഷ് പുത്തൻപുര, ജെറീന റോയ്, ജോർജ് പ്ലാക്കാട്ട്, ജയേഷ് സ്രാമ്പിക്കൽ, ബൈജു പരക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. സ്ഥലം വിട്ടുനൽകിയ ചക്കാലക്കൽ കുടുംബത്തെയും കോൺട്രാക്ടർ ബോബി ഇടപാട്ടിനെയും സൗജന്യമായി വയറിംഗ് ജോലി ചെയ്ത വൽസൻ തേറുമണ്ണിലിനെയും ചടങ്ങിൽ ആദരിച്ചു.
Tags : Local News Nattuvishesham Kozhikode