കിടങ്ങുമ്മൽ നിരപ്പിൽ ഏലാ റോഡ് ചെളിക്കളമായി മാറിയ നിലയിൽ.
നെടുമങ്ങാട് : നവീകരണം വൈകുന്നതുമൂലം വെള്ളനാട് പഞ്ചായത്തിലെ കിടങ്ങുമ്മൽ നിരപ്പിൽ ഏലാ റോഡ് പൂർണമായും ചെളിക്കുളമായി മാറി. കാൽനടയാത്ര പോലും അസാധ്യമായതോടെ പ്രദേശവാസികൾ ദുരിതത്തിലായി.
നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡ് സഞ്ചാരയോഗ്യമാക്കുക എന്നത് വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഇല്ല. കിടങ്ങുമ്മൽ വഴിയുള്ള ഈ റോഡ് വെളിയന്നൂരിലാണ് എത്തിച്ചേരുന്നത്. വർഷങ്ങൾക്കുമുന്പ് ഏലായിലെ ബണ്ട് വീതി കൂട്ടിയാണ് റോഡ് നിർമിച്ചത്. തുടർന്ന് എംഎൽഎ ഫണ്ട് ഉപയോഗിച്ച് ചില ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തെങ്കിലും ബാക്കി പണികൾ അപൂർണമായി കിടക്കുകയാണ്. ഇതുവഴി സർവീസ് നടത്തിയിരുന്ന സ്കൂൾ ബസുകൾ പലതും സർവീസ് നിർത്തിവച്ചു.
സ്വകാര്യവാഹനങ്ങളും ഇതുവഴി വരാൻ തയാറാകുന്നില്ല. മഴയിൽ ചെളിനിറഞ്ഞ് ഇരുചക്ര വാഹനയാത്രക്കാരും കാൽനടയാത്രക്കാരും റോഡിൽ തെന്നിവീഴുന്നത് പതിവായിരിക്കുന്നു. പ്രദേശവാസികളുടെ യാത്രാദുരിതത്തിന് അറുതിവരുത്താൻ അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
Tags : Road NattuVishasham DistrictNews