പ്രതീകാത്മക ചിത്രം
അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി. അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും.
ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ.
എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ. കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്ടിക്കുകയെന്ന നിശബ്ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്റെ ആശംസകൾ, അഭിവാദ്യങ്ങൾ!
കളിക്കളങ്ങളും വായനയുംതിരികെപ്പിടിക്കാം
കളിമുറ്റങ്ങളിൽ വീണുണ്ടാകുന്ന ചെറിയ ചെറിയ മുറിവുകളും കുഞ്ഞുപിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം കുട്ടികളെ ജീവിത യാഥാർഥ്യങ്ങൾ പഠിപ്പിക്കും. മൊബൈൽ സ്ക്രീനുകളിലെ ഗെയിമുകൾക്കപ്പുറം പുറംലോകത്തുനിന്നു ലഭിക്കുന്ന അനുഭവങ്ങളും നേരിട്ടുള്ള സൗഹൃദങ്ങളുമാണ് ഏറ്റവും വിലപ്പെട്ടത്. വായന കുട്ടികളുടെ ചിന്താശേഷിയും ഏകാഗ്രതയും വർധിപ്പിക്കും. കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് കളികളും വായനയും തുല്യപ്രാധാന്യത്തോടെ വീണ്ടെടുക്കാൻ അധ്യാപകരും രക്ഷിതാക്കളും മുന്നിട്ടിറങ്ങണം.
സിസ്റ്റർ ചെറുപുഷ്പ, ബഥനി ബാലികാമഠം, ഗേൾസ് ഹൈസ്കൂൾ, നങ്ങ്യാർകുളങ്ങര
അകലങ്ങൾക്കപ്പുറം ഊഷ്മളമാകുന്ന ബന്ധം
“ചില പാഠങ്ങൾ പുസ്തകത്താളുകളിൽ അവസാനിക്കും; ചിലത് സ്നേഹമായി ഹൃദയത്തിൽ ജീവിതകാലം മുഴുവൻ ശേഷിക്കും.” വർഷങ്ങൾ പിന്നിടുമ്പോഴും അധ്യാപകജീവിതം സമ്മാനിച്ച ഏറ്റവും വലിയ സമ്പത്ത് വിദ്യാർഥികളുടെ സ്നേഹമാണ്. ക്ലാസ് മുറിയുടെ നാലുചുവരുകൾക്കുള്ളിൽ അവസാനിക്കുന്നതല്ല ഈ ബന്ധം. സ്നേഹത്തോടെ ഒരു കുട്ടിയുടെ മനസിൽ ഇടം നേടിയ അധ്യാപകർക്ക് അവിടെ ഒരിക്കലും വിരമിക്കേണ്ടിവരില്ല.
ഷീജമ്മ, സെന്റ് തോമസ് യുപി സ്കൂൾ, ചമ്പക്കുളം
അധ്യാപനം ഒരു തപസ്യയായി മാറ്റേണ്ട കാലഘട്ടം
അധ്യാപനം ഒരു തപസ്യയായി മാറ്റേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മൂല്യച്യുതി നേരിടുന്ന ഇക്കാലത്ത് കുട്ടികളിൽ അക്കാദമിക മികവിനൊപ്പം മൂല്യങ്ങളും ഊട്ടിയുറപ്പിക്കാൻ അധ്യാപക സമൂഹം നന്നേ പാടുപെടുന്നുണ്ട്. മാറുന്ന കുട്ടികൾക്കൊപ്പം അവരെ മുന്നോട്ടു നയിക്കാൻ കഴിയുന്ന അധ്യാപകർ ഇന്നിന്റെ ആവശ്യകതയാണ്.
സിസ്റ്റർ മേഴ്സി പി.പി., ഹെഡ്മിസ്ട്രസ്, ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ, ചേർത്തല
അധ്യാപകര്‍ കടമകളും ഉത്തരവാദിത്വങ്ങളും വിലയിരുത്തണം
അധ്യാപകര്‍ തങ്ങളുടെ കടമകളും ഉത്തരവാദിത്വങ്ങളും സ്വയം വിലയിരുത്തണം. അറിവു പകരുക എന്നതിലുപരി ഉത്തരവാദിത്വ ബോധമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുക എന്നതും അധ്യാപകന്റെ ദൗത്യമാണ്. പരീക്ഷയിലെ മാര്‍ക്കിനേക്കാള്‍ പ്രധാനമാണ് കുട്ടിയുടെ സ്വഭാവവും ആത്മവിശ്വാസവും ചിന്താശേഷിയും സാമൂഹികബോധവും വളര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഈ അധ്യാപക ദിനത്തില്‍ അറിവ് പകരുന്നവരായി മാത്രമല്ല, നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുന്ന ശില്പികളായി പ്രവര്‍ത്തിക്കാമെന്ന പ്രതിജ്ഞയാണ് ഓരോ അധ്യാപകനും എടുക്കേണ്ടത്.
സെൻ കല്ലുപുര, പ്രിൻസിപ്പൽ, ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ, പുന്നപ്ര
മാറുന്ന കാലത്തിന്റെ നേർക്കാഴ്ച
അധ്യാപകൻ കാലത്തിനൊപ്പം മാറി പുതുതലമുറയുടെ മനസ് മനസിലാക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. പാഠപുസ്തകത്തിലെ അറിവ് പകർന്നുനൽകുന്നതിൽ മാത്രം ഒതുങ്ങാതെ, നന്മയും സഹാനുഭൂതിയും വളർത്തുക എന്നതും അധ്യാപകന്റെ ദൗത്യമാണ്. അതുകൊണ്ട് അധ്യാപകദിനം ആഘോഷിക്കുമ്പോൾ അധ്യാപക-വിദ്യാർഥി ബന്ധത്തിന്റെ ഊഷ്മളത വീണ്ടെടുക്കാനും നമുക്കു ശ്രമിക്കാം.
സ്മിത മേരി ജോർജ്, സെന്റ് ആന്റണീസ് എച്ച്എസ്, കോക്കമംഗലം, ചേർത്തല
സ്നേഹത്തോടെ വഴിനടത്താം
ലഹരിയുടെയും മൊബൈൽ ഫോണിന്റെയും അമിത ഉപയോഗത്തിലേക്ക് കുട്ടികൾ വഴിമാറി നടക്കുന്നത് ആശങ്കയുണ്ടാക്കുന്നു. സാങ്കേതിക വിദ്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞതിനാൽ അവ പൂർണമായും വിലക്കാതെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കണം. സ്നേഹവും നല്ല മാതൃകകളും ശരിയായ ദിശാബോധവും നൽകി മാനസിക സന്തോഷവും ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കലാകണം അധ്യാപകരുടെ ലക്ഷ്യം.
ലത ബി. നായർ, പ്രിൻസിപ്പൽ, ഹോളി ട്രിനിറ്റി വിദ്യാഭവൻ,കാർത്തികപ്പള്ളി
അധ്യാപികയെന്ന അഭിമാനം
അധ്യാപികയാകുക എന്നത് വെറുമൊരു തൊഴിൽ കണ്ടെത്തലല്ല, മറിച്ച് പൂർവജന്മ പുണ്യം കൊണ്ടുമാത്രം ലഭിക്കുന്ന ദൈവികമായ ഒരു നിയോഗമാണെന്ന് വിശ്വസിക്കുന്നു. വർഷങ്ങളുടെ സേവനത്തിനു ശേഷം ഇപ്പോൾ ഹെഡ്മിസ്ട്രസായി പ്രമോഷൻ ലഭിച്ച് ഭരണപരമായ ഉത്തരവാദിത്വങ്ങൾ ഏറിയപ്പോഴും, മനസിന് സന്തോഷം നൽകുന്നത് കുട്ടികളുമായുള്ള അടുപ്പം തന്നെ. വരും തലമുറയെ സന്മാർഗപാതയിൽ നയിക്കാനും അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാനും സാധിക്കുന്നു എന്നതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു.
ആർ. സ്വപ്ന, ഹെഡ്മിസ്ട്രസ്, ലൂഥറൻ ഹൈസ്കൂൾ, സൗത്ത് ആര്യാട്, ആലപ്പുഴ
കളിക്കളങ്ങളും വായനയും നഷ്ടപ്പെടുന്ന കൗമാരം
കളിസ്ഥലങ്ങൾ നഷ്ടപ്പെടുമ്പോൾ ബാല്യവും നഷ്ടപ്പെടുന്നു. കളിക്കളവും ലൈബ്രറിയും സമൂഹത്തിന്റെ സുരക്ഷിത ഇടങ്ങൾ കൂടിയാണ്. കൗമാരത്തെ രക്ഷിക്കേണ്ടത് സാങ്കേതികവിദ്യയെ നിരോധിച്ചല്ല, സന്തുലിതമാക്കിയാണ്. സ്ക്രീൻ സമയം എത്ര, എന്നതിനൊപ്പം കളിസമയം എത്ര, വായനസമയം എത്ര, സൗഹൃദ ഒത്തുചേരൽ എത്ര, എന്നും മാതാപിതാക്കൾ ചോദിക്കേണ്ട കാലമാണിത്.
സിസ്റ്റർ ജിൻസ് മരിയ, സെന്റ് ആന്റണീസ് ജിഎച്ച്എസ്, ആലപ്പുഴ
കുട്ടികളെ നയിക്കുന്ന വഴികാട്ടി
ഡിജിറ്റൽ സാങ്കേതികവിദ്യയും ആർട്ടിഫിഷൽ ഇന്റലിജൻസും അറിവിന്റെ മഹാസമുദ്രം നമ്മുടെ വിരൽത്തുമ്പിലെത്തിച്ചിരിക്കുന്ന ഈ കാലത്ത്, അറിവു പകർന്നുനൽകുന്ന ഒരാൾ എന്നതിലുപരി, ശരിയായ അറിവിലേക്കും ജീവിതവഴിയിലേക്കും കുട്ടികളെ നയിക്കുന്ന വഴികാട്ടിയാണ് അധ്യാപകൻ. സാങ്കേതികവിദ്യ വളരുന്ന ലോകത്ത് സ്നേഹം, സഹാനുഭൂതി, കരുതൽ, പരസ്പര ബഹുമാനം, പൗരബോധം തുടങ്ങിയ മാനുഷിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ കുട്ടികളെ അധ്യാപകർ പ്രചോദിപ്പിക്കണം.
മിനി ജോസഫ്, പ്രിൻസിപ്പൽ, ലിയോ തേർട്ടീന്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആലപ്പുഴ
വിദ്യാഭ്യാസം കുട്ടിയുടെ സമഗ്ര വികാസം
വിദ്യാഭ്യാസത്തിലൂടെയാണ് കുട്ടികളുടെ സമഗ്ര വികാസം സാധ്യമാകേണ്ടത്. കുട്ടികളുടെ വളർച്ചയ്ക്ക് അധ്യാപകരുടെയും മാതാപിതാക്കളുടെയും പങ്കാളിത്തവും പിന്തുണയും ആവശ്യമാണ്. ഇതിനായി പരിശ്രമിക്കുന്ന പ്രിയങ്കരായ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ.
ഔസേഫ് കൊടിയനാട്, പ്രധാനാധ്യാപകൻ, സെന്റ് മൈക്കിൾസ് എൽപി സ്കൂൾ, മാനാശേരി.
മങ്ങിമറയുന്ന ബാല്യങ്ങൾ
കുരുന്നു മനസുകളിൽ പൂക്കേണ്ടത് സ്വപ്നങ്ങളാണ്. അവരുടെ കൈകളിൽ വിരിയേണ്ടത് പുസ്തകങ്ങളാണ്. എന്നാൽ, ഇന്നു ചില ബാല്യങ്ങൾ ലഹരിയുടെ വഴികളിലേക്കു വീഴുന്നത് നമ്മുടെ സമൂഹത്തെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ്. നാളെയുടെ നക്ഷത്രങ്ങൾ ആകേണ്ട ബാല്യങ്ങൾ ലഹരിയുടെ പുകയിൽ മാഞ്ഞുപോകരുത്. അവരുടെ കണ്ണുകളിലെ സ്വപ്നങ്ങൾക്ക് നാം കാവലാകണം.
സിസ്റ്റർ ഡാലിയ തെരേസ്, സെന്റ് ആന്റണീസ് ജിഎച്ച്എസ്, ആലപ്പുഴ
വേണ്ടത് സാമീപ്യവും മാതൃകയും
സെക്കൻഡുകൾ തോറും മാറുന്ന സ്ക്രീൻ കാഴ്ചകളോടു ശീലിക്കുന്ന കുട്ടികളിൽ ക്ഷമയും ഏകാഗ്രതയും കുറയുന്നതിനൊപ്പം വെർച്വൽ ഓട്ടിസം പോലുള്ള ലക്ഷണങ്ങളും ആശങ്കയുണർത്തുന്നു. ഫോൺ പൂർണമായി വിലക്കുന്നതിനേക്കാൾ മുതിർന്നവരുടെ സാന്നിധ്യവും കളിമുറ്റത്തെ സ്വാതന്ത്ര്യവും സൗഹൃദങ്ങളും അവർക്ക് തിരിച്ചുനൽകുകയാണ് വേണ്ടത്. ഉപദേശങ്ങളേക്കാൾ നാം ജീവിച്ചു കാണിക്കുന്ന മാതൃകകളാണ് കുട്ടികൾ പകർത്തിയെടുക്കുന്നത്.
ഫാ. തോമസ്, സെന്റ് തോമസ് സെൻട്രൽ സ്കൂൾ, തോട്ടപ്പള്ളി
അധ്യാപകൻ എന്ന സ്നേഹസാന്നിധ്യം
ഇന്ന് അധ്യാപക-വിദ്യാർഥി ബന്ധത്തിൽ നേർത്ത വിടവ് നിലനിൽക്കുന്നുണ്ട്. പണ്ട് ഗുരുവിന്റെ മുന്നിൽ ശിഷ്യൻ വിനയത്തോടെ നിന്നിരുന്ന സ്ഥാനത്ത്, ഇന്ന് ഗൂഗിളിനും എഐക്കും മുന്നിലാണ് പുതിയ തലമുറ നിൽക്കുന്നത്. പഠനകാര്യങ്ങൾ കേൾക്കുമ്പോഴും കുട്ടികളുടെ ചിന്തകൾ ഡിജിറ്റൽ ലോകത്താണ്. വിദ്യാർഥിയുടെ കണ്ണിലെ നിരാശയോ സങ്കടമോ തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കാൻ ഗുരുനാഥന് മാത്രമേ സാധിക്കൂ. അധ്യാപകൻ എന്നത് വെറുമൊരു ജോലിയല്ല, ഹൃദയം തൊടുന്നൊരു സാന്നിധ്യമാണ്.
സിസ്റ്റർ അലക്സി എസ്വിഎം, പ്രിൻസിപ്പൽ, സെന്റ് മേരീസ് ഇഎം സ്കൂൾ, കല്ലിശേരി
അധ്യാപകനും കുട്ടിയും തോളോടുതോൾ
1994ൽ ആരംഭിച്ച സർവീസ് ജീവിത യാത്ര. കുട്ടികളുടെ തണലായി നടന്ന മനോഹര നാളുകൾ. ഇന്ന് കുട്ടികളും അധ്യാപകരും തോളാടുതോൾ നടന്നു നീങ്ങുന്ന സന്തോഷം. അധ്യാപികയായതിൽ അഭിമാനം, സന്തോഷം. മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട്.
വി. വിനീത, എച്ച്എം, ജിയുപിഎസ് കാവാലം
കുട്ടികളെ മനസിലാക്കി കഴിവുകൾ തിരിച്ചറിയണം
വിദ്യാർഥി സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോയാലും ആ കുട്ടിയുടെ ഹൃദയത്തിൽ അവന്റെ അധ്യാപകൻ ഉണ്ടാകണം. ജനറേഷൻ ഗ്യാപ് മനസിലാക്കി അധ്യാപകൻ പ്രവർത്തിക്കുകയാണെങ്കിൽ വിജയത്തിലെത്താൻ സാധിക്കും.ആർട്ടിഫിഷൽ ഇന്റലിജൻസിനോ ഗൂഗിളിനോ കുട്ടികളെ സ്നേഹിക്കാൻ കഴിയില്ല. അവരെ ചേർത്ത് നിർത്താൻ സാധിക്കുന്നത് അധ്യാപകർക്കാണ്.
ബിനു കെ. സാമുവേൽ, പ്രിൻസിപ്പൽ, ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂൾ, ചേപ്പാട്
ചില ഗുരുമുഖങ്ങൾ
വർഷങ്ങൾ എത്ര കഴിഞ്ഞാലും ഓർമയിലിന്നും ഒളിമങ്ങാതിരിപ്പുണ്ട്, വീണ്ടുമൊന്നു കണ്ടുമുട്ടിയാൽ കാൽ തൊട്ടുവന്ദിക്കാൻ ആഗ്രഹിക്കുന്ന ചില ഗുരുമുഖങ്ങൾ. ചേർത്തുപിടിച്ച് ശിരസിൽ കൈവച്ച് നമ്മുടെ എല്ലാം കൂടെ നടന്ന, നമുക്ക് ആരൊക്കെയോ ആയി മാറിയ പ്രിയ അധ്യാപകർ. മനസിലെ മായാത്ത ചെപ്പിനുള്ളിൽ നമ്മെ ചേർത്തുപിടിച്ച് ആശീർവദിച്ചവർ... ജീവിതത്തിന്റെ നേട്ടങ്ങൾക്കു വിജയാമൃതം പകർന്നു കൈകോർത്തുപിടിച്ചവർ... നേട്ടങ്ങളുടെ നിറുകയിൽ എത്തിക്കാൻ അക്ഷീണം പ്രയത്നിച്ചവർ... അവരെ മറന്നൊരു ദിനം നമുക്കുണ്ടോ? അവരോളം ആരുമില്ല, നിറഞ്ഞ മനസോടെ ആദരവ് ഏറ്റുവാങ്ങാൻ.
ഷൈനമോൾ, മലയാളം അധ്യാപിക, ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ,
പച്ച - ചെക്കിടിക്കാട്.
അധ്യാപകർ മാനവികതയുടെ പാഠങ്ങൾ
അധ്യാപകർ അറിവ് പകർന്നു നൽകുന്നവർ മാത്രമല്ല, മാനവികതയുടെ പാഠങ്ങളും സമൂഹമനസാക്ഷിയുടെ കാവലാളുകളുമാണ്. ഒരു തലമുറയുടെ ചിന്തയും മൂല്യബോധവും ജീവിത വീക്ഷണവും രൂപപ്പെടുത്തുന്നതിൽ അധ്യാപകർ നിർണായക പങ്കുവഹിക്കുന്നു. സമൂഹത്തിലെ അനീതികളെ അസമത്വങ്ങളെയും, തെറ്റായ പ്രവണതകളെയും തിരിച്ചറിയാൻ വിദ്യാർഥികളെ അധ്യാപകർ പ്രാപ്തരാക്കണം.
സി.ടി. വർഗീസ്, പ്രിൻസിപ്പൽ, പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂൾ, കറ്റാനം
Tags : Knowledge NattuVishasham DistrictNews