തെയ്യത്തുംകടവ്- കൊടിയത്തൂർ റോഡിലെ ഗതാഗതക്കുരുക്ക്.
മുക്കം: മഴ കനത്തതോടെ ചെളിക്കുളമായി മാറി തെയ്യത്തുംകടവ്- കൊടിയത്തൂർ റോഡ്. റോഡ് നവീകരണ പ്രവർത്തി നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തതോടെ കാൽനട യാത്രക്ക് പോലും പറ്റാതെ കടുത്ത ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികളും നാട്ടുകാരും.
ഏകദേശം 750 മീറ്റർ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ആരംഭിച്ചതോടെ റോഡിലെ മണ്ണും ചെളി വെള്ളവും കാരണം റോഡിലൂടെ സഞ്ചരിക്കാൻ പ്രയാസപ്പെടുകയാണ്.
ഗർത്തങ്ങളുള്ള പല ഭാഗങ്ങളും ചെളിമയമായതിനാൽ കാൽനട യാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ട് നേരിടുന്നു. വേനൽക്കാലത്ത് പൊടിശല്യവും മഴക്കാലത്ത് ചെളിയും കാരണം ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, വേണ്ട തയാറെടുപ്പുകളില്ലാതെ പ്രവൃത്തി ഉദ്ഘാടനം നടത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാനും അധികൃതർ തയാറായില്ല.
കഴിഞ്ഞ മാസം പെയ്ത മഴയിൽ റോഡിനോട് ചേർന്നുള്ള മതിൽ തകർന്നിരുന്നു. റോഡ് വെട്ടിപ്പൊളിഞ്ഞ നിലയിൽ തുടരുന്നതിനാൽ രോഗികളെ ആശുപത്രിയിലെത്തിക്കാനും സ്കൂൾ വാഹനങ്ങൾക്ക് കടന്നുപോകാനും ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറഞ്ഞു.
Tags : Local News Nattuvishesham Kozhikode