സന്ദേശ റാലി ഡോ.ആര് ലതാദേവി ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കൊല്ലം: സ്ത്രീകള്‍ അവകാശങ്ങള്‍ക്കായി ഉറച്ച നിലപാട് സ്വീകരിച്ച് നിയമപരിരക്ഷ തേടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആര് ലതാദേവി. വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ട്രിനിറ്റി ലൈസിയം സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനും വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി ഡിസംബര്‍ 10 വരെ 16 ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ നടക്കും. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഒന്നിക്കാം: നീതി ഉറപ്പാക്കുക, അതിജീവിതരെ സംരക്ഷിക്കുക, കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുക എന്നതാണ് ഈ വര്‍ഷത്തെ കാമ്പയിന് പ്രമേയം.
ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് വിശിഷ്ടാതിഥിയായി. ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍ അധ്യക്ഷയായി. മോട്ടിവേഷണല്‍ സ്പീക്കര്‍ അഡ്വ. സന്തോഷ് തങ്ങള്‍ സ്ത്രീധന നിരോധന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ വിമന്‍സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജയിന് ആന്‍സല്‍ ഫ്രാന്‍സിസ് ശൈശവ വിവാഹത്തിനെതിരായ പ്രതിജ്ഞ ചൊല്ലി. എഡിഎം എസ്. സജീദ്, വനിതാ ശിശു വികസന ഓഫീസര്‍ റ്റിജൂ റേച്ചല്‍ തോമസ്, റോട്ടറി ക്ലബ് പ്രസിഡന്റ് നിസാം അബ്ദുല്‍ റഹ്മാന്, ട്രിനിറ്റി ലൈസിയം പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജാക്സണ് ജെയിംസ്, വനിതാ സംരക്ഷണ ഓഫീസര്‍ എ. ശ്രീജ, സങ്കല്പ് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ സൂസന് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. കാമ്പയിന്റെ പ്രചരണാർഥം സംഘടിപ്പിച്ച സന്ദേശ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.ആര് ലതാദേവി ഫ്ലാഗ് ഓഫ് ചെയ്തു. ഹൈസ്കൂള്‍ ജംഗ്ഷനില്‍നിന്ന് ആരംഭിച്ച റാലി ട്രിനിറ്റി ലൈസിയം സ്കൂളില്‍ അവസാനിച്ചു.
Tags : Orange the World campaign begins World campaign NattuVishesham DistrictNews