കുറവിലങ്ങാട്: കോഴായിലെ കേരള സയൻസ് സിറ്റിയിൽ നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമാണോദ്ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.
മെച്ചപ്പെട്ട നിലവാരത്തിലുള്ള ഫുട്പാത്തുകൾ, സൗകര്യപ്രദമായ റോഡ് കണക്ടിവിറ്റി, വിപുലമായ ഡ്രെയിനേജ് സൗകര്യം എന്നിവ നടപ്പിലാക്കും. സംസ്ഥാന സർക്കാർ അനുവദിച്ച 3.40 കോടി രൂപയുടെ വികസന പദ്ധതിയാണ് ഇതിന്റെ ഭാഗമായി സയൻസ് സിറ്റിയിൽ യാഥാർഥ്യമാകുന്നതെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
സയൻസ് സിറ്റിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങൾക്കാണ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സയൻസ് സിറ്റിക്കുള്ളിലെ വിവിധ ബ്ലോക്കുകളിലേക്കും കേന്ദ്രങ്ങളിലേക്കുമുള്ള സുഗമമായ ഗതാഗത സൗകര്യവും പ്രവേശന ക്രമീകരണങ്ങളും ഉറപ്പുവരുത്തുന്നതിന് ലക്ഷ്യമിട്ടാണ് റിംഗ് റോഡ് വികസനം അടിയന്തരമായി പൂർത്തിയാക്കുന്നത്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ ജെയ്മോൻ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, സയൻസ് സിറ്റി സയന്റിഫിക് ഓഫിസർ സുജിത്ത് ബി. കല്ലറ, വിവിധ ജനപ്രതിനികൾ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Science City Nattuvishesham DistrictNews