പ്രതീകാത്മക ചിത്രം
കൊരട്ടി: സേവനപാതയിൽ 30 വർഷം പിന്നിട്ട കൊരട്ടി ലയൺസ് ക്ലബ് നിർധനരായ 500ൽപരം രോഗികൾക്കു സൗജന്യമായി ഡയാലിസിസ് നടത്തുന്നതിനുള്ള പദ്ധതി ഈ വർഷം നടപ്പാക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം 18ന് രാവിലെ 10.30ന് കൊരട്ടി ലയൺസ് ഹാളിൽ നടക്കും. ലയൺസ് ഗവർണർ സുരേഷ് കെ. വാര്യർ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജ് അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തും.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി, കറുകുറ്റി അപ്പോളോ ആശുപത്രി, കൊരട്ടി ദേവമാതാ ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് സൗജന്യ ഡയാലിസിസ് പദ്ധതി നടപ്പാക്കുന്നത്. കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഒരു വർഷം നീളുന്ന സൗജന്യ പ്രമേഹ പരിശോധനയും രക്തസമ്മർദ പരിശോധനയും സംഘടിപ്പിക്കും.
റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി കോൺകേവ് മിററുകൾ സ്ഥാപിച്ചതായും ഭവനരഹിതരായ ഏഴു പേർക്ക് വീടുകൾ നിർമിച്ചുനൽകിയതായും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജ്, സെക്രട്ടറി എം.ജെ. ഡെന്നി, ജോയിന്റ് സെക്രട്ടറി ബിനോയ് മേച്ചേരി, ട്രഷറർ ജോൺസൺ വർഗീസ്, ബേബി ചെറിയാൻ കല്ലൂക്കാരൻ, ജെയ്സൺ വെളിയത്ത് എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Lions Club