മണ്ണാർക്കാട് കെഎസ്ആർടിസി ഡിപ്പോ.
മണ്ണാർക്കാട്: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതതയിൽ വീർപ്പുമുട്ടി മണ്ണാർക്കാട് കെഎസ്ആർടിസി ഡിപ്പോ. ജീവനക്കാർക്കു വിശ്രമിക്കാനും താമസിക്കാനും ആവശ്യമായ സൗകര്യം കെട്ടിടത്തിലില്ലെന്നതാണു ഏറ്റവുംവലിയ വെല്ലുവിളി.
ദീർഘദൂരസർവീസ് നടത്തുന്ന ബസുകളിലുള്ളവരും മറ്റു ജില്ലകളിൽനിന്നെത്തിയിട്ടുള്ള ജീവനക്കാരുമുൾപ്പെടെ 22 പേർ ഡിപ്പോയിൽ താമസിക്കുന്നവരാണ്. ഇവർക്ക് ആകെയുള്ളത് ഓഫീസ് കെട്ടിടത്തിനുമുകളിലുള്ള രണ്ടുമുറികളാണ്.
എൻ. ഷംസുദ്ദീൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 2011 - 12 വർഷത്തിൽ നിർമിച്ച വിശ്രമമുറിയാണിത്. തൊട്ടു സമീപത്തായി മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബിയുടെ കാലത്ത് അനുവദിച്ച കെട്ടിടത്തിലെ ഒരു മുറിയും താമസത്തിനായി പ്രയോജപ്പെടുത്തുന്നുണ്ട്. പുതിയ കെട്ടിടം നിർമിച്ചെങ്കിൽ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയുകയുള്ളൂവെന്നു ഡിപ്പോ അധികൃതർ പറഞ്ഞു.
യാത്രക്കാർക്കും വിശ്രമിക്കാനുള്ള സൗകര്യം കുറവാണ്. നാമമാത്രമായ കസേരകൾ മാത്രമാണ് ഇരിപ്പിടമായിട്ടുള്ളത്. അട്ടപ്പാടിയിലേക്കുള്ള റോഡിന്റെ തകർച്ചമൂലവും കാലപ്പഴക്കം ചെന്ന ബസുകളായതിനാലും നിത്യേന ബസുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ട സാഹചര്യമാണിവിടെ.
ഡിപ്പോയിൽ ഒരു ഷെഡ് മാത്രമാണ് ബസുകൾ നിർത്തിയിടാനുള്ളത്. രണ്ടുബസുകൾ മാത്രമേ ഒരേസമയം നിർത്തിയിടാനാവൂ. മറ്റു ജോലികൾ ജീവനക്കാർ മഴയും വെയിലുമേറ്റു ചെയ്യേണ്ട ഗതികേടിലാണ്. സമീപം പഴയ ഷെഡുണ്ടെങ്കിലും ഇത് കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായിട്ട് വർഷങ്ങളായി. 34 ബസുകളാണ് ഡിപ്പോയിലുള്ളത്. എല്ലാ ബസുകളും കാലപ്പഴക്കം ചെന്നതാണ്.
ആറു ബസുകൾക്ക് ജിപിഎസുമായി ബന്ധപ്പെട്ട ഫിറ്റ്നസ് ലഭിക്കാത്തതിനാൽ ഓടിക്കാനാവുന്നുമില്ല. ബസുകൾ നിർത്തിയിടുകയും തിരിക്കുകയും ചെയ്യുന്ന സ്ഥലവും പല ഭാഗത്തും തകർന്നുകിടക്കുകയാണ്.
മഴപെയ്തതോടെ കുഴികളിൽ ചെളിവെള്ളം നിറഞ്ഞു കിടക്കുന്നത് യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
Tags : KSRTC depot nattuvishesham local news