പിറവത്തുനിന്നും ആരംഭിച്ച പുതിയ കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസ് മന്ത്രി അനൂപ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
പിറവം: പിറവം, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്നുമാരംഭിച്ച പുതിയ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു. പിറവം- ആനക്കട്ടി, കൂത്താട്ടുകുളം- ആലപ്പുഴ എന്നീ സ്ഥിരം സര്‍വീസുകള്‍ക്കു പുറമേ, പിറവം- ബംഗളുരു ഓണം സ്പെഷ്യൽ സര്‍വീസുമാണ് തുടങ്ങിയിരിക്കുന്നത്.
പിറവത്തു നടന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്പ്സൺ കെ.ആര്. പ്രദീപ് കുമാര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ അന്നമ്മ ഡോമി, സ്ഥിരം സമിതി അധ്യക്ഷന്‍ അരുണ്‍ കല്ലറയ്ക്കല്‍, കൗണ്‍സിലര്‍മാരായ ജോയ് വാക്കനാല്‍, രമ വിജയൻ, ഉണ്ണി വല്ലയില്‍ എന്നിവർ പ്രസംഗിച്ചു. കൂത്താട്ടുകുളത്തു നടന്ന പരിപാടിയിൽ നഗരസഭാ ചെയര്‍പേഴ്സൺ റെജി ജോണ്‍, കൗണ്‍സിലര്‍ മര്‍ക്കോസ് ഉലഹന്നാന്, സിബി കൊട്ടാരം, എം.എ. ഷാജി എന്നിവർ പ്രസംഗിച്ചു.
പിറവം- ആനക്കട്ടി ഫാസ്റ്റ് പാസഞ്ചര്‍ ദിവസവും രാവിലെ 5.50ന് പിറവത്തുനിന്ന് തിരിച്ച് അഞ്ചല്‍പ്പെട്ടി, പാമ്പാക്കുട, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി, മണ്ണുത്തി ബൈപാസ്, പാലക്കാട്, മണ്ണാര്‍ക്കാട് വഴി ഉച്ചയ്ക്ക് 12 ന് ആനക്കട്ടിയിലെത്തും. വൈകുന്നേരം നാലിന് ആനക്കട്ടിയില്നിന്നു പുറപ്പെട്ട് രാത്രി 10.30ന് പിറവത്ത് എത്തും.
കൂത്താട്ടുകുളം -കായംകുളം ഫാസ്റ്റ് പാസഞ്ചര്‍ ബസ് രാവിലെ 5.35 ന് ആരംഭിച്ച് പിറവം, പെരുവ, ചേര്‍ത്തല, കൃപാസനം, ആലപ്പുഴ വഴി 10ന് കായംകുളത്ത് എത്തും. വൈകുന്നേരം നാലിന് ആലപ്പുഴയില്‍ നിന്ന് കൃപാസനം വഴി 7.30 ന് കൂത്താട്ടുകുളത്ത് എത്തും. ഓണത്തിനു മാത്രമായി പിറവത്തുനിന്ന് ബംഗളുരുവിലേയ്ക്ക് കെഎസ്ആര്‍ടിസി സ്പെഷൽ സര്‍വീസ് ഇന്നലെ വൈകുന്നേരം യാത്ര തിരിച്ചത് ഇന്ന് രാവിലെ എത്തും. വൈകുന്നേരം ബംഗളുരുവില്‍നിന്ന് പുറപ്പെട്ട് 26 നു രാവിലെ പിറവത്ത് എത്തും.
Tags : NattuVishesham DistrictNews