കുവൈറ്റ് കലാ ട്രസ്റ്റിന്റെ പുരസ്കാരം നടന് ഇന്ദ്രന്‍സിന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമ്മാനിക്കുന്നു. -ദീപിക
കണ്ണൂര്‍: കവി സച്ചിദാനന്ദന്റെ നിലപാടുകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യഥാർഥ ഇടതുപക്ഷമെന്ന് പറഞ്ഞ് ഒപ്പം നിൽക്കുകയും വലതുപക്ഷത്തിന് ഇങ്ങോട്ട് ആക്രമിക്കാന്‍ ആയുധം ഒരുക്കി കൊടുക്കുകയും ചെയ്യുന്നവരെ നേരിടാൻ വലിയ ജാഗ്രത വേണമെന്ന് പറഞ്ഞുകൊണ്ടു സച്ചിദാനന്ദന്റെ പേര് പറയാതെ വിമർശനം നടത്തുകയായിരുന്നു പിണറായി വിജയൻ. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ കുവൈറ്റ ്കലാ ട്രസ്റ്റിന്റെ പുരസ്കാരം നടന് ഇന്ദ്രന്‍സിന് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു പിണറായി.
വലതുപക്ഷത്തിന്റെ ആക്രമണങ്ങളെ നേരിടാന്‍ ഇടതുപക്ഷത്തിന് വിഷമമൊന്നുമില്ലെന്ന് പിണറായി പറഞ്ഞു. എന്നാൽ ഇടതുപക്ഷവേഷമണിഞ്ഞ് വന്ന് വലതുപക്ഷത്തിന് സേവനം ചെയ്തു കൊടുക്കുന്നവരെ ഏറെ കരുതലോടെ കാണണം. അവരുടെ ആക്രമണമാണ് കൂടുതല്‍ മാരകമാകുക. കേരളത്തിൽ എൽഡിഎഫ് തുടർച്ചയായി ഭരിച്ചപ്പോൾ തുടർഭരണം നല്ലതല്ലെന്ന് പറഞ്ഞ ഇടതുപക്ഷ വേഷമണിഞ്ഞവരുണ്ട്. കോൺഗ്രസ് തുടർച്ചയായി കേന്ദ്രം ഭരിച്ചപ്പോഴും പതിറ്റാണ്ടിലേറെയായി ബിജെപി കേന്ദ്രം ഭരിച്ചു വരുന്പോഴും ഇവർ ഇത്തരമൊരു അഭിപ്രായം നടത്തിയിട്ടില്ല. ഈ സമയങ്ങളിലെല്ലാം തന്നെ ഇവർ ഇവിടെത്തന്നെയുണ്ടായിരുന്നു.
തുടര്‍ഭരണം അപകടകരമാണെന്ന് അവരെ നോക്കി പറഞ്ഞിട്ടില്ല. ഇടതുപക്ഷത്തെ നോക്കി മാത്രമാണ് ഇത്തരം അഭിപ്രായ പ്രകടനം നടത്തിയത്. ഇതിനെ ഇടതുപക്ഷത്തോടുള്ള സ്നേഹം കൊണ്ടാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരോട് ഹാ കഷ്ടം എന്നു മാത്രമേ പറയാനുള്ളൂ. ഇടതുപ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാന്‍ ഇടതു പക്ഷക്കാരെന്ന് സ്വയം വിളിക്കുന്ന ചിലര്‍ ഇവിടെയുണ്ടാകുന്നുണ്ട്. അവരെ പൊക്കികൊണ്ട് നടക്കാനും അവര്‍ക്ക് ഇല്ലാത്ത വിശ്വാസ്യത ചാര്ത്തികൊടുക്കാനും ആളുകളുണ്ടാകുന്നു എന്നത് ആപത്കരമായ കാര്യമാണ്. കേരളത്തിന്റെ ഇടതുപക്ഷ മനസ് തകര്‍ക്കാന്‍ ഇടതുപക്ഷ തീവ്രവാദികള്‍ മുതല്‍ വലതുപക്ഷ പിന്തിരിപ്പന്മാര്വരെ ഒരേ മനസോടെ പ്രവർത്തിച്ചിട്ടും സാധ്യമായില്ലെന്നത് ഇത്തരക്കാർ ഓർക്കുന്നത് നന്നായിരിക്കും.
വര്‍ഗീയതയുടെ കൊടിയ ആക്രമണമാണ് സാംസ്കാരിക രംഗത്ത് നടക്കുന്നത്. ചരിത്രങ്ങളെ ഇല്ലാതാക്കി വര്‍ഗീയ ദുര്‍ബോധം വളര്‍ത്തുന്ന പാഠങ്ങളാണ് പഠിപ്പിക്കുന്നത്. ചലച്ചിത്ര രംഗത്തെ വര്‍ഗീയവത്കരണത്തിന് അനുകൂലമായി നില്‍ക്കുന്നവര്‍ക്ക് പുരസ്കാരം കൊടുക്കുമ്പോള്‍ എതിര്‍ക്കുന്ന വിഭാഗക്കാരെ ഒതുക്കുകയാണെന്നും പിണറായി പറഞ്ഞു. കുവൈറ്റ് കല പ്രസിഡന്റ് എ.കെ.ബാലന് അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, എഴുത്തുകാരൻ ടി. പദ്മനാഭൻ, കെ.വി. സുമേഷ് എംഎല്‍എ, സി.എച്ച്. സന്തോഷ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews