ചിറ്റാട്ടുകരയിലെ പപ്പട നിർമാണം
പാവറട്ടി: സദ്യവട്ടങ്ങൾ എത്ര കേമമായാലും നാക്കിലയിൽ പപ്പടത്തിന്റെ സാന്നിധ്യംകൂടിയുണ്ടായാലല്ലേ ഓണസദ്യക്ക് പൂർണത കൈവരൂ. പ്രസിദ്ധമായ ഗുരുവായൂർ പപ്പടം നിർമാണകേന്ദ്രം പ്രവർത്തിക്കുന്ന ചിറ്റാട്ടുകരയിലും പരിസരപ്രദേശങ്ങളിലും ഇപ്പോൾ ഓണത്തിരക്കാണ്.
തലമുറകളായി പപ്പടനിർമാണം വിശുദ്ധമായ കർമമായികണ്ട് ജീവിക്കുന്ന നിരവധി കുടുംബങ്ങൾ ചിറ്റാട്ടുകരയിലുണ്ട്. ആനയടി പപ്പടം, ചെറിയ പപ്പടം, മുളക് പപ്പടം, മസാല പപ്പടം, ജീരക പപ്പടം തുടങ്ങി വിവിധ രുചികളിലും വലുപ്പത്തിലുമായി ഇരുപതോളം ഇനം പപ്പടങ്ങളുണ്ട്.
ഓണക്കാലത്ത് മഴയും മുടിക്കെട്ടിയ അന്തരീക്ഷവും സംജാതമായാൽ പപ്പടം ഉണക്കാൻ ചൂളയുള്ളവർക്ക് മാത്രമാണ് കഴിയുക. വെയിലത്തല്ലാതെ കൃത്രിമമായി ഉണക്കിയെടുക്കുന്ന പപ്പടത്തിന് സ്വാഭാവികരുചിയും പോളയും കുറയുമെന്ന് പഴമക്കാർ പറയുന്നു. കാര്യമായ വരുമാനമില്ലാത്തതിനാൽ പുതിയ തലമുറയിലുള്ളവർ പപ്പട നിർമാണ രംഗത്തേക്ക് കടന്നുവരുന്നില്ല. അതുമൂലമുള്ള തൊഴിലാളികളുടെ ക്ഷാമം ഈ തൊഴിൽമേഖലയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.
പപ്പട നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലയും തൊഴിലാളികളുടെ കൂലിയും വർധിച്ചതനുസരിച്ച് പപ്പടത്തിന് വിലയും ലഭിക്കുന്നില്ല. ഇതര സംസ്ഥാനങ്ങളിൽനിന്നു വിലക്കുറവിൽ പപ്പടം വിപണിയിൽ എത്തുന്നതും ഈ തൊഴിൽ മേഖലയ്ക്ക് കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്. എഴുപതിലേറെ പാരമ്പര്യ പപ്പടം നിർമാണ യൂണിറ്റുകൾ ചിറ്റാട്ടുകര മേഖലയിൽ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ മുപ്പതിൽതാഴെ യൂണിറ്റുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ചെറുകിട പപ്പട നിർമാണ യൂണിറ്റുകൾ പലതും നിറുത്തി.
ഇപ്പോൾ പ്രതിസന്ധി മറികടക്കുന്നതിന് ചില യൂണിറ്റുകൾ യന്ത്രവത്കരണം പപ്പട നിർമാണത്തിലും കൊണ്ടുവന്നിട്ടുണ്ട്. പ്രതിസന്ധികൾ എന്തെല്ലാമുണ്ടെങ്കിലും മലയാളിക്ക് പപ്പടമില്ലാതെ ഓണസദ്യയില്ല.
Tags : NattuVishesham DistrictNews