തൃശൂർ- കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുതുവറ സെന്ററിൽ ഇന്നലെ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റിലിടിച്ചപ്പോൾ.
മുതുവറ: തൃശൂർ- കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുതുവറ സെന്ററിൽ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മൂന്നുപേർക്കു പരിക്ക്. കോഴിക്കോടുനിന്ന് തൃശൂരിലേക്കു വന്ന ബസാണ് ഇന്നലെ പുലർച്ചെ മൂന്നിന് അപകടത്തിൽപെട്ടത്.
പരിക്കേറ്റ കോഴിക്കോട് സ്വദേശികളായ മീനാക്ഷി (66), വിജിന(42), ശിവദത്ത് (17) എന്നിവരെ മുതുവറ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇരുന്പുതൂണ് ബസിനു മുകളിലേക്കു വീണു. വൈദ്യുതി വിതരണവും ഇന്റർനെറ്റ് സംവിധാനങ്ങളും തകരാറിലായി. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. കെഎസ്ഇബി അധികൃതരും പേരാമംഗലം പോലീസും സ്ഥലത്തെത്തി നടപടിയെടുത്തു.
Tags : NattuVishesham DistrictNews