നെല്ലിയാമ്പതി ചുരംപാതയിൽ ചെറുനെല്ലിക്ക് സമീപം രണ്ടിടങ്ങളിലായി മരം കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടപ്പോൾ.
നെല്ലിയാമ്പതി: കനത്ത കാറ്റിലും മഴയിലും നെല്ലിയാമ്പതി ചുരംപാതയിൽ രണ്ടിടങ്ങളിലായി മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. ചെറുനെല്ലിക്ക് സമീപമാണ് പാതയിലേക്ക് മരങ്ങൾ വീണത്.
ഇതോടെ വാഹനങ്ങൾക്ക് കടന്നുപോകാനാകാതെ ഗതാഗതം ഭാഗികമായി നിലച്ചു. കൂറ്റൻമരം കടപുഴകി റോഡിനു കുറുകെ വീണതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ മരം മുറിച്ചുമാറ്റി റോഡിൽനിന്ന് നീക്കം ചെയ്തതോടെയാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണ് സംഭവം. ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ ചുരം പാതയിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ചുരംപാതയിൽ മരങ്ങൾ കടപുഴകി വീഴാനുള്ള സാധ്യതയുള്ളതിനാൽ അപകടസാധ്യതയുള്ള ഭാഗങ്ങളിൽ സുരക്ഷാപരിശോധന ശക്തമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Tags : NattuVishesham DistrictNews